തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല. മിശ്രവിവാഹിതരായ ദമ്പതികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്.

വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ചെന്നൈയിൽ വെച്ച് വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു. ഇതിനിടയിലാണ് മോഹനുമായി പ്രണയത്തിലായത്. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. സ്വന്തം സമുദായത്തിൽപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കൾ പലതവണ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, എല്ലാ എതിർപ്പുകളെയും അവഗണിച്ച് കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായി. തുടർന്ന് ശരണ്യയുടെ സഹോദരൻ ശക്തിവേൽ (31) സ്നേഹം നടിച്ച്, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. ദമ്പതികൾ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോൾ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും മരണപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചോളപുരം പൊലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.