ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ട്രസ്റ്റുകൾക്ക് 1 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. എന്നാൽ പരിചരണം തൃപ്തികരമല്ല എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. പ്രസവ പരിചരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എൻഎച്ച്എസ് റെസല്യൂഷൻ നടത്തുന്ന മെറ്റേണിറ്റി ഇൻസെന്റീവ് സ്കീമിന് കീഴിൽ, ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. അപ്രകാരം പ്രവർത്തിച്ച ഷ്രൂസ്ബറി, ടെൽഫോർഡ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് 953,391പൗണ്ട് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നൂറു കണക്കിന് കുടുംബങ്ങൾ തങ്ങൾക്ക് വേണ്ടത്ര പ്രസവ പരിചരണം ലഭിക്കുന്നില്ല എന്നാരോപിച്ചു. ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ട്രസ്റ്റിലെ (സാത്ത്) അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം 2017 ഏപ്രിൽ മുതൽ ശ്രദ്ധിക്കുന്നുണ്ട്.
എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ് ശിശുമരണം. പല ശിശുമരണങ്ങളും ട്രസ്റ്റിൽ നടന്നിട്ടുണ്ട്. പ്രസവസമയത്ത് ഉണ്ടായ മൂന്നു മരണങ്ങൾ, പ്രസവത്തിനു ശേഷം ഉണ്ടായ 17 മരണങ്ങൾ തുടങ്ങി നിരവധി കേസുകളാണ് ട്രസ്റ്റിനെതിരെ ഉള്ളത്. കെയർ ക്വാളിറ്റി കമ്മീഷനിലെ (സിക്യുസി) ഇൻസ്പെക്ടർമാർ വിലയിരുത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഷ്രൂസ്ബറി, ടെൽഫോർഡ് ട്രസ്റ്റിന് പണം നൽകിയത്. എന്നാൽ നവംബറിൽ പ്രസിദ്ധീകരിച്ച സിക്യുസി റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ, പരിചരണ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തുകയുണ്ടായി.
2009ൽ തന്റെ മകളുടെ മരണത്തെ തുടർന്ന് റിയാനൻ ഡേവിസാണ് ട്രസ്റ്റിനെതിരെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പണം കൊണ്ട് സാത്ത് എന്തു ചെയ്തുവെന്ന് അറിയണമെന്ന് റിയാനൻ പറഞ്ഞു. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകളുടെ നിയമ വിഭാഗമായ എൻഎച്ച്എസ് റെസല്യൂഷൻ, 2018ൽ പ്രസവ പരിചരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ആരംഭിച്ചിരുന്നു. തെറ്റുകൾ കുറയ്ക്കുക, തൊഴിൽ ശക്തി വികസിപ്പിക്കുക, രോഗികളുടെ ആശങ്കകൾ പരിഹരിക്കുക എന്നിവ ഉൾപ്പെടെ 10 പ്രത്യേക പ്രസവ സുരക്ഷാ നടപടികൾ ട്രസ്റ്റുകൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. സ്കീമിൽ പങ്കെടുത്ത 132 ട്രസ്റ്റുകളിൽ 75 എണ്ണം മുഴുവനും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പണം ലഭിച്ച ട്രസ്റ്റുകൾ മതിയായ പരിചരണം നൽകുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു.
Leave a Reply