ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിസന്ധി മൂലം ഒട്ടേറെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ അടുത്ത വർഷത്തെ എ – ലെവൽ പരീക്ഷകൾ മൂന്നാഴ്ച വൈകി നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ. പുതുക്കിയ പരീക്ഷകളുടെ ടൈംടേബിൾ വില്യംസൺ ഉടൻ തന്നെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലാസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന് യൂണിവേഴ്സിറ്റി മേധാവികള്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടുമൊരു വിവാദം ഒഴിവാക്കാൻ ഇതാണ് ഉത്തമമായ മാർഗമെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് മറുപടിയായാണ് വിദ്യാഭ്യാസ സെക്രട്ടറി തന്റെ തീരുമാനം അറിയിച്ചത്. പരീക്ഷയിൽ വരുത്തിയ കാലതാമസത്തെ ഓഫ്ക്വാൾ ബോസ് ഡാം ഗ്ലെനിസ് സ്റ്റേസി പിന്തുണയ്ക്കുന്നുണ്ട്. അല്പം വൈകിയാലും കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനാണ് വില്യംസൺ പദ്ധതിയിടുന്നത്.
ദരിദ്രരായ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താൽ അടുത്ത വർഷത്തെ പരീക്ഷകൾ ഒഴിവാക്കണമെന്ന് മാർഗരറ്റ് താച്ചറുടെ വിദ്യാഭ്യാസ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ലോർഡ് ബേക്കർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ കോമൺസ് വിദ്യാഭ്യാസ സമിതി ചെയർമാൻ റോബർട്ട് ഹാൽഫോൺ, പദ്ധതികൾ അന്തിമമാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ എത്രത്തോളം പിന്നിലാണെന്നത് അടിയന്തിരമായി വിലയിരുത്താൻ മന്ത്രിമാരോട് ആവശ്യപ്പെട്ടു. എന്നാൽ അടുത്ത വർഷം പരീക്ഷകൾ നടക്കുമെന്നും ഓഫ്ക്വാളുമായും പരീക്ഷാ ബോർഡുകളുമായും തുടർന്നും ചേർന്നു പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.
അടുത്ത വര്‍ഷ പരീക്ഷാ തയാറെടുപ്പുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ സമയം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷകൾ നീട്ടിവയ്ക്കുന്നത്. 2021 ലെ പരീക്ഷകൾ ന്യായമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ, കോളേജ് സ്റ്റേക്ക്ഹോൾഡർമാരുമായ ഓഫ്ക്വാൾ, എക്സാം ബോർഡുകൾ എന്നിവരുമായി തുടർന്നും പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Leave a Reply