ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ആശുപത്രികളിൽ ഉടനീളം നിലനിൽക്കുന്ന ബ്ലഡ് ട്യൂബുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇറക്കുമതി വർധിപ്പിച്ചിരിക്കുകയാണ് വിതരണ കമ്പനിയായ ബക്ട്ടൻ ഡിക്കിൻസൺ. യുഎസ് പോലുള്ള രാജ്യങ്ങളിൽ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്ന ബ്ലഡ് ട്യൂബുകളുടെ ഇറക്കുമതിക്ക് ബ്രിട്ടീഷ് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചതായി കമ്പനി രേഖപ്പെടുത്തി. ഇതോടൊപ്പംതന്നെ യുകെയിലെ ഉൽപാദനസംവിധാനം 20 ശതമാനമായി വർദ്ധിപ്പിച്ചതായും, അടുത്ത ആഴ്ച കൊണ്ട് തന്നെ 9 മില്യൺ ബ്ലഡ് ട്യൂബുകൾ എൻഎച്ച്എസിലേയ്ക്ക് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രക്തം ശേഖരിക്കുന്ന ട്യൂബുകളുടെ കുറവിനെ തുടർന്ന് സെപ്റ്റംബർ 17 വരെ ആവശ്യമില്ലാത്ത ബ്ലഡ് ടെസ്റ്റുകൾ എല്ലാം തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശം ഡോക്ടർമാർക്ക് നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ ഈ കുറവ് പരിഹരിക്കുമെന്നും, രോഗികളുടെ സുരക്ഷയാണ് മുഖ്യമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്റിന്റെ കണക്കുകൾ പ്രകാരം എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു വർഷം 1.1 ബില്യനോളം ടെസ്റ്റുകളാണ് നടത്തുന്നത്. നിലവിൽ അത്യാവശ്യം അല്ലാത്ത ടെസ്റ്റുകൾ ഒഴിവാക്കാനാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്. സെപ്റ്റംബർ പകുതിയോളം ഈ ക്ഷാമം തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സാഹചര്യം ഡോക്ടർമാരേയും രോഗികളെയും കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ ഡോക്ടർ ഡേവിഡ് റിഗ്ലി വ്യക്തമാക്കി.


നിർമാണസാമഗ്രികൾ മറ്റും എത്തിക്കുന്നതിനുള്ള യാത്രാ തടസ്സങ്ങളാണ് നിലവിലെ ക്ഷാമത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ബക്ട്ടൻ ഡിക്കിൻസൺ ആണ് ബ്ലഡ്‌ ട്യൂബുകളുടെ മുഖ്യ വിതരണക്കാർ. അതിനാൽ തന്നെ ഉടനടി മറ്റ് വിതരണക്കാരെ കണ്ടെത്തുന്നതിനും ഉൾപ്പെടുത്തുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് ഹെൽത്ത് കെയർ സപ്ലൈ അസോസിയേഷൻ ചെയർമാൻ മാർക്ക്‌ റോസ്ക്രോ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായിഎൻ എച്ച് എസ്‌ അറിയിച്ചു.