ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ : രോഗികളുടെ പരിചരണത്തിന് കൂടുതൽ പണം ആവശ്യമാണെന്ന സാഹചര്യമിരിക്കെ, സമൂഹത്തിലുള്ള പ്രതിസന്ധികളെ സംബന്ധിച്ച് എൻ എച്ച് എസ് സ്റ്റാഫുകളെ ബോധവാന്മാരാക്കുവാൻ ഒരു മില്യൻ പൗണ്ടോളം തുക ചെലവിട്ട് 500 ഓളം ‘വോക്ക്’ (ഉണർവ്വ് ) ഗ്രൂപ്പുകൾ രൂപീകരിക്കുവാൻ എൻഎച്ച്എസ് തീരുമാനമായിരിക്കുകയാണ്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിനായി സ്റ്റാഫുകളുടെ ഏകദേശം 36,000 മണിക്കൂറോളം ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ, ലൈംഗികപരമായ ചൂഷണങ്ങൾ, വംശീയത തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും സംബന്ധിച്ച് അവബോധം ഉണർത്തുവാനാണ് ഇത്തരം ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. എന്നാൽ രോഗികളുടെ ചികിത്സയ്ക്കായി പോലും പണം ചിലവഴിക്കാത്ത സാഹചര്യത്തിൽ ഇത്തരം ചെലവുകൾ അനാവശ്യമാണെന്ന കുറ്റപ്പെടുത്തലുകൾ നിരവധി ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സിനെ പിന്തുണയ്ക്കുന്നതിനായി റെയിൻബോ കേക്കും, സമൂഹത്തിലെ വിവിധതരത്തിലുള്ള ആളുകളെ പരിഗണിക്കുന്നതിനുള്ള സർവ്വനാമങ്ങളെ കുറിച്ചുള്ള ക്ലാസുകളും, ആയോധനകലയുടെ പ്രകടനങ്ങളും മറ്റും ഈ ഗ്രൂപ്പുകളുടെ പരിപാടികളിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സ്റ്റാഫുകളുടെ പ്രവർത്തനസമയത്തിൽ 108, 807 മണിക്കൂറുകളാണ് ഇതിനുവേണ്ടി ചെലവായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കോവിഡിന് ശേഷം കുറച്ച് അധികം മാസങ്ങളായി എൻഎച്ച്എസ് പ്രതിസന്ധിഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. എന്നാൽ ഇത്തരം ചെലവുകൾക്കായി കൂടുതൽ തുക ചെലവാക്കുന്നത് ജനങ്ങൾക്കിടയിൽ തന്നെ രോഷത്തിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗികൾക്ക് ഓപ്പറേഷൻ നിഷേധിക്കപ്പെടുകയും പരിചരണത്തിനായി ദീർഘനേരം കാത്തിരിക്കേണ്ടി വരികയും ചെയ്യുമ്പോൾ, നികുതിദായകരുടെ പണം ഇതുപോലുള്ള നെറ്റ്‌വർക്കുകളിൽ ചെലവഴിക്കുന്നത് തെറ്റാണെന്ന് കൺസർവേറ്റിവ് എംപി ഡേവിഡ് ജോൺസ് വ്യക്തമാക്കി.
Leave a Reply