ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെങ്ങും ഒമൈക്രോൺ വ്യാപന ഭീതിയുടെ നിഴലിലാണ് ജനങ്ങൾ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഒമൈക്രോണിനെതിരെ പ്രതിരോധ ശേഷി ഉണ്ടായിരിക്കില്ലെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ജനങ്ങളുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത് . കൂടാതെ ഒമൈക്രോൺ പ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് അടിയന്തരമായി എടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്ന് ആയിരങ്ങളാണ് എൻഎച്ച്എസ് ബുക്കിംഗ് സിസ്റ്റത്തിൽ തങ്ങളുടെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാനായി ശ്രമിച്ചത്.

പക്ഷേ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാൻ ശ്രമിച്ച ആയിരക്കണക്കിന് ആളുകൾക്ക് നിരാശയായിരുന്നു ഫലം. നിലവിൽ സൈറ്റ് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന സന്ദേശമാണ് മിക്കവർക്കും ലഭിച്ചത്. ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലാവുകയും ചെയ്തത് വൻ പ്രതിഷേധമാണ് ജനങ്ങളിൽ സൃഷ്ടിച്ചത്. വെബ്സൈറ്റ് പരിധിയിൽ കൂടുതൽ ആൾക്കാർ ഒരേസമയം ഉപയോഗിക്കാൻ ശ്രമിച്ചത് മൂലമുള്ള സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടത്. ഇന്നലെ 1239 പ്രതിദിന ഒമൈക്രോൺ കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് നേരത്തെ റിപ്പോർട്ട് ചെയ്ത പ്രതിദിന ഒമൈക്രോൺ കേസുകളുടെ ഇരട്ടിയാണെന്നത് ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ കേരളത്തിലെത്തിയ യുകെ മലയാളികൾക്ക് ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചത് ക്രിസ്മസ് കാലത്ത് നാട്ടിലെത്താൻ ആഗ്രഹിച്ചിരുന്ന യുകെ മലയാളികളെ ആശങ്കയിലാക്കി. ചുരുങ്ങിയ കാലയളവിലെ അവധിക്ക് നാട്ടിലെത്തുന്നവർക്ക് ക്വാറന്റീൻ ദിനങ്ങൾ കൂടുന്നത് വൻ തിരിച്ചടിയാവും. യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ പോസിറ്റീവ് ഭാര്യയും ഭാര്യ മാതാവും കോവിഡ് പോസിറ്റീവാണ്.