ലണ്ടന്‍: വിന്റര്‍ തിരക്ക് മൂലം നിന്നു തിരിയാന്‍ സമയം കിട്ടാത്ത ആശുപത്രി ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള ചുമതല ആശുപത്രി നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. നിലവില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അനുഭവപ്പെടുന്ന സമ്മര്‍ദ്ദം ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രായോഗിക പിന്തുണ ഇവരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാന്‍ ഉതകുമെന്നും അക്കാഡമി വ്യക്തമാക്കി.
രോഗികളുടെ തിരക്ക് മൂലം ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത ഡോക്ടര്‍മാര്‍ക്കോ നഴ്‌ലുമാര്‍ക്കോ ഒരു പിസ നല്‍കുന്നത് നിങ്ങള്‍ വിചാരിക്കാത്ത വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ആശുപത്രികള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അക്കാഡമി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളെയും പ്രതിനിധീകരിക്കുന്ന അക്കാഡമിയുടെ നിര്‍ദേശം പക്ഷേ എന്‍എച്ച്എസ് നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികളില്‍ ജങ്ക് ഫുഡ് ഒഴിവാക്കണമെന്നാണ് എന്‍എച്ച്എസ് നയം.
എന്നാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അനുവദനീയമാണെന്നും പറയുന്നുണ്ട്. എന്‍എച്ച്എസ് നഴ്‌സുമാരില്‍ 25 ശതമാനത്തിലേറെപ്പേര്‍ അമിത വണ്ണമുള്ളവരാണെന്ന് ഈയാഴ്ച ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വിധത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ സാമ്പത്തികഭാരം എന്‍എച്ച്എസ് ഏറ്റെടുക്കണമെന്നല്ല അക്കാഡമി പറയുന്നത്. ജീവനക്കാര്‍ അമിതജോലി ചെയ്യുമ്പോള്‍ ആശുപത്രി മാനേജര്‍മാര്‍ അതിനായുള്ള ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തണമെന്നാണ് ആവശ്യം.
Leave a Reply