ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എന്‍എച്ച്എസിന് പ്രാധാന്യം നല്‍കാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വം. ബിഎംഎ കൗണ്‍സില്‍ അധ്യക്ഷന്‍ ചാന്ദ് നാഗ്‌പോള്‍ ഇന്‍ഡിപ്പെന്‍ഡന്റില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. ഹിതപരിശോധനയ്ക്കു ശേഷം ബ്രെക്‌സിറ്റിന്റെ ആഘാതം ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുക എന്ന കാര്യം ബിഎംഎ നിരീക്ഷിച്ചു വരികയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് എന്‍എച്ച്എസിനും രോഗികള്‍ക്കും നല്‍കുന്ന ഗുണഫലങ്ങളെക്കുറിച്ച് ബിഎംഎ നിരവധി തവണ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

ഫ്രീ മൂവ്‌മെന്റ് മുതല്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങള്‍ക്ക് ഇവരുള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ആരോഗ്യ മേഖലയില്‍ എത്രമാത്രം പ്രധാനമാണെന്ന വസ്തുതയാണ് ആശയവിനിമയം ചെയ്യാന്‍ ശ്രമിച്ചത്. എന്‍എച്ച്എസിനും രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്കും ബ്രെക്‌സിറ്റ് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന ആശങ്ക ബിഎംഎ വാര്‍ഷിക പ്രതിനിധി സമ്മേളനം വിലയിരുത്തുകയും ചെയ്തു. ഇനി ബ്രെക്‌സിറ്റിലേക്ക് എട്ടു മാസങ്ങള്‍ തികച്ചില്ല. അതിനിടയില്‍ ബ്രെക്‌സിറ്റ് രോഗികളിലും ഡോക്ടര്‍മാരിലും മൊത്തം ഹെല്‍ത്ത് സര്‍വീസിലുമുണ്ടാക്കുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയാണെന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാന്‍സര്‍ ചികിത്സക്കുള്ള മെഡിക്കല്‍ റേഡിയോ ഐസോടോപ്പുകളുടെ ലഭ്യത യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഉറപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. വിദഗ്ദ്ധരായ യൂറോപ്യന്‍ ജീവനക്കാര്‍ക്കു വേണ്ടി ഏതു വിധത്തിലുള്ള ഇമിഗ്രേഷന്‍ സമ്പ്രദായമായിരിക്കും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ റെഗുലേറ്ററി സംവിധാനം അവതരിപ്പിക്കുന്നതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാന്‍ വലിയ കാലതാമസമുണ്ടാകുമെന്നും ലേഖനത്തില്‍ ചാന്ദ്‌പോള്‍ പറയുന്നു.