ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലഡ് ഓക്സിജൻ മോണിറ്റർ ത്വക്കിൻെറ നിറവ്യത്യാസത്തിന് അനുസരിച്ച് ഫലത്തിൽ വ്യത്യാസം കാണിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് പടർന്നു പിടിച്ചതു മുതൽ രോഗികളായി വീടുകളിൽ കഴിയുന്നവർ ഏറ്റവും കൂടുതൽ ആശ്രയിച്ച ഉപകരണമായിരുന്നു ബ്ലഡ് ഓക്സിജൻ മോണിറ്ററുകൾ. ഇരുണ്ടതോ തവിട്ടു നിറത്തിലോ ആണ് ചർമത്തിൻെറ നിറമെങ്കിൽ ബ്ലഡ് ഓക്സിജൻ മീറ്റർ നൽകുന്നത് തെറ്റായ വിവരങ്ങൾ ആയേക്കാമെന്ന് എൻഎച്ച്എസ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചതിനുശേഷം പൾസ് ഓക്സിമീറ്ററിൻെറ ഉപയോഗം വളരെ വർധിച്ചിട്ടുണ്ട് . രോഗിയുടെ വിരലിൽ ഘടിപ്പിക്കുന്ന ഉപകരണം പ്രകാശകിരണങ്ങൾ തൊലിയിലൂടെ കടത്തിവിട്ടാണ് ഓക്സിജൻെറ അളവ് കണക്കാക്കുന്നത് .
ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ളവരാണെങ്കിൽ പൾസ് ഓക്സിമീറ്റർ ഓക്സിജൻ അളവ് ഉള്ളതിനേക്കാൾ കൂടുതൽ കാണിക്കും എന്നാണ് എൻഎച്ച്എസ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പുതിയ മാർഗ നിർദേശത്തിൽ പറയുന്നത്. ബ്രിട്ടനിൽ കോവിഡ് വന്ന് ബ്ലാക്ക് ഏഷ്യൻ വംശജർ കൂടുതൽ മരണമടയുന്നത് നേരത്തെ വൻ ചർച്ചാവിഷയമായിരുന്നു. വീടുകളിൽ ചികിത്സയിൽ കഴിയാതെ പലരും പൾസ് ഓക്സിമീറ്ററിൻെറ തെറ്റായ ഫലത്തെ ആശ്രയിച്ചത് രോഗാവസ്ഥ ഗുരുതരമാകാൻ ഇടയാക്കിയെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന സംശയമാണ് ഈ അവസരത്തിൽ ഉയർന്നുവരുന്നത്. ആരോഗ്യപരിപാലന ഉപകരണങ്ങളുടെ സാധ്യതയെക്കുറിച്ചും പരിമിതികളെ കുറിച്ചും ജനങ്ങളെ ശരിയായ ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എൻഎച്ച്എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററി ഡയറക്ടർ ഡോ. ഹബീബ് നഖ്‌വി അഭിപ്രായപ്പെട്ടു.
Leave a Reply