ന്യൂസ് ഡെസ്ക്, മലയാളം യുകെ

തട്ടിപ്പുകൾക്ക് ഇരയായി തങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക നഷ്ടമാകുന്നതിനെ പറ്റി തുറന്ന് പറഞ്ഞ് റെവലൂട്ട് ഉപഭോക്താക്കൾ. അൻപത്തിമൂന്നുകാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റായ ഡോ. രവി കുമാറിന് തട്ടിപ്പിൽ നഷ്ടമായത് 39,000 പൗണ്ട്. പരാതികൾ ഉയരുമ്പോൾ, മറ്റു പല ഇരകളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് മുന്നോട്ട് വരുന്നു. ഉയർന്ന് വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ റെവലൂട്ടിൻ്റെ ഉപഭോക്തൃ സേവനങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്.

അമേരിക്കൻ എക്‌സ്‌പ്രസിൽ നിന്നാണെന്നുള്ള വ്യാജ ഫോൺ കോളിൽ ആരംഭിച്ച തട്ടിപ്പിൽ 53 കാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റായ ഡോ. രവി കുമാറിന് നഷ്‌ടമായത്‌ 39,000 പൗണ്ടാണ്. “സുരക്ഷ”ക്കായി രവി കുമാറിൻെറ റെവലൂട്ട് അക്കൗണ്ടിലേയ്ക്ക് തുക ട്രാൻസ്ഫർ ചെയ്യാനും ആപ്പ് ഡിലീറ്റ് ചെയ്യാനും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ആപ്പ് ഡിലീറ്റ് ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് രവിയുടെ അറിവില്ലാതെ തുക ചോർത്താൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. സംഭവത്തിന് പിന്നാലെ റെവലൂട്ടിന് സമീപിച്ചെങ്കിലും ഇടപാടുകൾക്ക് രവി അംഗീകാരം നൽകിയെന്ന് പറഞ്ഞ് സ്ഥാപനം റീഫണ്ട് നിരസിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി റെവലൂട്ടിനെ സമീപിക്കുമ്പോൾ മോശം അനുഭവം നേരിട്ട നൂറ് പേരിൽ നൂറിൽ ഒരാൾ മാത്രമാണ് ഡോ. രവി കുമാർ. ഡെബിറ്റ് കാർഡുകൾ ഡിജിറ്റൽ വാലറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്നത് പോലുള്ള ഫീച്ചറുകളാണ് തട്ടിപ്പുകാർ പലപ്പോഴും ചൂഷണം ചെയ്യുന്നത്. ഒന്നിലധികം കറൻസി ഹോൾഡിംഗുകളും സ്റ്റോക്ക് ട്രേഡിംഗും പോലുള്ള സവിശേഷതകൾ കാരണം റെവലൂട്ടിൻ്റെ സേവനങ്ങൾ സൗകര്യപ്രദമാണ്. എന്നാൽ ഒരാളുടെ സാമ്പത്തിക ജീവിതത്തിൻ്റെ ഒന്നിലധികം വശങ്ങൾ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൻ്റെ അപകടങ്ങളെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

സമാന രീതിയിൽ റെവലൂട്ട് അക്കൗണ്ട് ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ ലിൻ എൽമസിന് നഷ്ടമായത് £160,000 ആണ്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം മന്ദഗതിയിൽ ആയിരുന്നെന്ന് ലിൻ എൽമസിൻ പറയുന്നു. ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടും കാര്യമായ നഷ്ടം തടയാൻ റെവലൂട്ടിന് കഴിഞ്ഞില്ല. വർദ്ധിച്ച് വരുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി റെവലൂട്ട് സമ്മതിച്ചു. ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. എന്നിരുന്നാലും, കമ്പനിയുടെ എമർജൻസി ഫോൺ സപ്പോർട്ടിൻെറ അഭാവവും മോശം ഉപഭോക്തൃ സേവനവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാക്കുന്ന സാമ്പത്തികമായ നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഇരകൾ പറയുന്നു.