ലണ്ടന്‍: കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വാനക്രൈ സൈബര്‍ ആക്രമണത്തില്‍ നിന്ന് എന്‍എച്ച്എസിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന ഐടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാനക്രൈ ആക്രമണം എന്‍എച്ച്എസിനെ ബാധിക്കുമായിരുന്നില്ല. ആക്രമണം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് എന്‍എച്ച്എച് പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു.
19,500 മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളാണ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചതെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. അഞ്ച് ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകള്‍ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. 600 ജിപി സര്‍ജറികളിലെ കമ്പ്യൂട്ടറുള്‍ പ്രവര്‍ത്തനരഹിതമായി. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്കാണ് ആക്രമണം നീണ്ടത്.
എന്നാല്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ആക്രമണമായിരുന്നു നടന്നതെന്നും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് മേധാവി അമയാസ് റോസ് പറഞ്ഞു. കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്ന് രക്ഷ നേടാന്‍ സുരക്ഷാ എന്‍എച്ച്എസിവല്‍ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Leave a Reply