ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷൻ പരിഷ്കരിച്ചു. ഒറ്റപ്പെടൽ നിർദ്ദേശം നേരത്തെ ഉള്ളതിനേക്കാൾ കുറവ് നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കോവിഡ് പോസിറ്റീവ് ആയവരുടെ 5 ദിവസം മുൻപു വരെയുള്ള സമ്പർക്ക പട്ടിക കണ്ടെത്തി ഒറ്റപ്പെടൽ നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത് രണ്ടുദിവസമാക്കി ചുരുക്കിയാണ് എൻഎച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന ഒറ്റപ്പെടൽ നിർദ്ദേശം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സ്ഥിതി മറികടക്കാൻ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
എൻഎച്ച്എസ് കോവിഡ് ആപ്പിലെ പുതിയ മാറ്റം അനാവശ്യ ഒറ്റപ്പെടൽ നിർദ്ദേശങ്ങൾ ഒഴിവാക്കുകയും അപകടസാധ്യതയുള്ളവരെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്താൻ ബിസിനസ് മേഖലയിൽ നിന്ന് കടുത്ത സമ്മർദ്ദം സർക്കാരിനുമേലുണ്ടായിരുന്നു എന്നാണ് സൂചനകൾ. ജൂലൈ 21 -ന് അവസാനിച്ച ആഴ്ചയിൽ മാത്രം 7 ലക്ഷം ഒറ്റപ്പെടൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസ് ആപ്ലിക്കേഷൻ ഉപയോഗത്തെ കുറിച്ച് കടുത്ത അസംതൃപ്തിയായിരുന്നു ജനങ്ങളുടെ ഇടയിൽ ഉയർന്നുവന്നത്.
നിങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ഏറ്റവും ലളിതവും എളുപ്പവും വേഗതയേറിയതുമായ മാർഗ്ഗമാണ് എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കുക എന്നത് എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ഡോക്ടർ ജെന്നി ഹാരിസ് പറഞ്ഞു. എൻ എച്ച് എസ് ആപ്ലിക്കേഷൻ ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 21, 952 പേരാണ് യുകെയിൽ കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ 24 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്.
Leave a Reply