ലണ്ടന്‍: എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ വന്‍ സൈബര്‍ ആക്രമണം. എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മൊത്തം ഇതുമൂലം സ്തംഭിച്ചു. ഐടി സംവിധാനം തകര്‍ന്നതിനാല്‍ അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ആശുപത്രികളെ ആക്രമണം ബാധിച്ചുവെന്നാണ് വിവരം. യൂറോപ്പിലും ഏഷ്യയിലുമായി 74 രാജ്യങ്ങളില്‍ ഇന്നലെയുണ്ടായ വന്‍ ആക്രമണത്തിന്റെ ഇരയാവുകയായിരുന്നു എന്‍എച്ച്എസ് എന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

അമേരിക്കയില്‍ ഫെഡെക്‌സ് പ്രവര്‍ത്തനത്തെ സൈബര്‍ ആക്രമണം ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.റഷ്യന്‍ ആഭ്യന്തര, എമര്‍ജന്‍സി മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തെയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഷെര്‍ബാങ്കിനെയും ആക്രമണം ബാധിച്ചു. റാന്‍സംവെയര്‍ എന്ന ആക്രമണരീതിയായിരുന്നു ഹാക്കര്‍മാര്‍ അവലംബിച്ചത്. ആക്രമണത്തിനിരയാകുന്നവര്‍ പണം നല്‍കിയാല്‍ മാത്രമേ അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡാര്‍ക്ക്‌വെബില്‍ ഉപയോഗിക്കുന്ന നാണയമായ ബിറ്റ്‌കോയിനില്‍ 300 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക നല്‍കാനായിരുന്നു ആക്രമണത്തിനിരയായ കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശം. പണം നല്‍കാന്‍ വൈകുന്നതനുസരിച്ച് ഫയലുകള്‍ ഡിലീറ്റ് ചെയ്യുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ആക്രമണത്തിനിരയായ കമ്പ്യൂട്ടുര്‍ ശൃംഖലകള്‍ ഷട്ട്ഡൗണ്‍ ചെയ്തതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയായിരുന്നു.

അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കേണ്ടി വന്നു. ആംബുലന്‍സുകളുടെ പ്രവര്‍ത്തനം തകരാറിലായി, ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടതായി വന്നുവെന്ന് ട്രസ്റ്റുകള്‍ അറിയിച്ചു. ഡിജിറ്റല്‍ ഫയലുകള്‍ ലഭ്യമല്ലാതെ വന്നതോടെ പേപ്പറും പേനയുമുപയോഗിച്ചായിരുന്നു ജീവനക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. പ്രധാനമന്ത്രി തെരേസ മേയ്, സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ എന്നിവര്‍ ക്രൈസിസ് മീറ്റിംഗുകളും ഇതേത്തുടര്‍ന്ന് വിളിച്ചിരുന്നു.