ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമിതമായ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർ സുരക്ഷിതമല്ലാത്ത മരുന്നുകളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം നിലവിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ശരീരഭാരം കുറയ്ക്കുന്നതിനായി എൻഎച്ച്എസിൻ്റെ സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് നീണ്ടു പോകുന്നതാണ് പലരെയും വ്യാജ മരുന്നുകളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. അനിയന്ത്രിതമായി ചില്ലറ വ്യാപാരികളിൽ നിന്ന് ഓൺലൈൻ ആയി മരുന്നുകൾ വാങ്ങുന്നത് അപകടകരമായ സ്ഥിതിവിശേഷം ഉളവാക്കുമെന്ന് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫ കമില ഹത്തോൺ മുന്നറിയിപ്പ് നൽകി.
ബ്യൂട്ടി സലൂണുകൾ, വ്യാജ ഫാർമസി വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ നിയമവിരുദ്ധമായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വാങ്ങുന്നതിനെതിരെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഈ ഉത്പന്നങ്ങളിൽ വിഷ വസ്തുക്കളും മറ്റ് ഘടകങ്ങളും അടങ്ങിയിരിക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അനാരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വിൽക്കുന്നതിനെ കുറിച്ച് എം എച്ച് ആർ എയുടെ ക്രിമിനൽ എൻഫോഴ്‌സ്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ആൻഡി മോർലിംഗ് മുന്നറിയിപ്പ് നൽകി. ഇത്തരം മരുന്നുകൾ വിൽക്കുന്ന കുറ്റവാളികൾ തങ്ങളുടെ ഉത്പന്നങ്ങൾ ആധികാരികമാണെന്ന് കാണിക്കാനുള്ള ചെപ്പടി വിദ്യകൾ അവരുടെ വെബ്സൈറ്റിൽ ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജിപിയെ കൺസൾട്ട് ചെയ്യാതെ ധാരാളം ആളുകൾ ഇത്തരം മരുന്നുകൾ സ്വകാര്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ കടുത്ത ആശങ്കകൾ ഉണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പൊതുവായി പറയുന്നത് . പലരും വ്യാജ മരുന്നുകൾ തേടി പോകുന്നതിന് ഒരു പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് എൻ എച്ച് എസിൻ്റെ നീണ്ട കാത്തിരിപ്പ് സമയമാണ്. ചില രോഗികൾക്ക് സ്പെഷ്യലിസ്റ്റ് പിന്തുണയ്‌ക്കായി അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്ന് ഒബിസിറ്റി ഹെൽത്ത് അലയൻസ് (OHA) വെളിപ്പെടുത്തിയത് ഇതിൻറെ വെളിച്ചത്തിലാണ്. അമിതവണ്ണം കുറയ്ക്കാനുള്ള എൻഎച്ച്എസ് മരുന്നുകൾ എല്ലാവരിലേയ്ക്കും എത്തിക്കുവാൻ ഏകദേശം 12 വർഷം സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.4 ദശലക്ഷം ആളുകൾ ഈ മരുന്നിനായി കാത്തിരിക്കുന്നുവെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്.
Leave a Reply