ന്യൂസ് ഡെസ്ക്, മലയാളം യുകെ
സോഷ്യൽ മീഡിയയിൽ ആന്റി–സെമിറ്റിക് സ്വഭാവത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതായി ആരോപണം ഉയർന്നതിനെ തുടർന്ന് എൻഎച്ച്എസിലെ ട്രോമ–ഓർത്തോപ്പീഡിക് വിഭാഗത്തിൽ പരിശീലനത്തിലിരിക്കുന്ന 31-കാരിയായ ഡോ. റഹ്മെ അലദ്വാന് മെഡിക്കൽ ട്രൈബ്യൂണൽ 15 മാസത്തെ സസ്പെൻഷൻ നൽകി. ചില പോസ്റ്റുകൾ “ഹിംസയ്ക്കും തീവ്രവാദ സംഘങ്ങൾക്കും പിന്തുണ” നൽകിയതുപോലെ തോന്നുന്നുവെന്നും, ഇത്തരം പ്രവർത്തനം രോഗികളുടെ ഡോക്ടറോടുള്ള വിശ്വാസത്തെ ബാധിക്കാമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. എന്നാൽ താൻ യാതൊരു വംശീയ വിദ്വേഷവും നടത്തിയിട്ടില്ലെന്ന് ബ്രിട്ടീഷ്–പാലസ്തീനിയൻ വംശജയായ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പറഞ്ഞു .

ജനറൽ മെഡിക്കൽ കൗൺസിൽ (GMC) ആണ് ഡോ. അലദ്വാന്റെ ‘ഫിറ്റ്നസ് ടു പ്രാക്ടീസിൽ ’ അന്വേഷണം തുടരുന്നത്. പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. എക്സിൽ ഡോക്ടർ പോസ്റ്റ് ചെയ്തതിൻ്റെ ഉള്ളടക്കം ജൂത സമൂഹത്തിനെതിരെ വെറുപ്പ് പരത്തുന്നതും ചരിത്രത്തെയും ജീവിതരീതികളെയും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ട്രൈബ്യൂണലിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവ ഒന്നും തന്നെ രോഗികളുടെ സുരക്ഷയെയും തന്റെ ചികിത്സാ കഴിവിനെയും ബാധിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ അഭിഭാഷകന്റെ വാദം.

ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന സസ്പെൻഷൻ ആറുമാസത്തിന് ശേഷം വീണ്ടും പരിശോധിക്കും. സെപ്റ്റംബറിൽ നടന്ന വിചാരണയിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, ഒക്ടോബറിൽ നടന്ന മാഞ്ചസ്റ്റർ സിനഗോഗ് ആക്രമണത്തിന് പിന്നാലെ ഡോക്ടറുടെ പോസ്റ്റുകളുടെ “തീവ്രത കൂട്ടിയതായി” ജിഎംസിക്ക് പുതിയ പരാതി ലഭിച്ചതോടെ കേസ് വീണ്ടും ട്രൈബ്യൂണലിൽ എത്തുകയായിരുന്നു ബ്രിട്ടനിൽ സ്വതന്ത്ര മെഡിക്കൽ നിയന്ത്രണ സംവിധാനമില്ലെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്നും യഹൂദ അനുകൂല ലോബിയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിന് ശേഷം ഡോ. അലദ്വാൻ എക്സിൽ പ്രസ്താവിച്ചു.











Leave a Reply