ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലം ആരംഭിക്കുന്നത് തൊട്ട് ഒട്ടേറെ രോഗങ്ങളാണ് രാജ്യത്ത് അരങ്ങു വാഴുന്നത്. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് എൻഎച്ച്എസിനും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഏറ്റവും ദുഷ്കരമായ സമയമാണ്. എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടിയ നിലയിലാണ്. ശൈത്യകാല രോഗങ്ങളും കൂടി കടന്നു വരുമ്പോൾ ഈ പ്രതിസന്ധി ഏറ്റവും കൂടാനാണ് സാധ്യത.


യുകെയിലെ ശൈത്യകാല പ്രതിസന്ധി ഒഴിവാക്കാൻ സാധ്യമായത് എല്ലാം ചെയ്യുന്നുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് അറിയിച്ചു. ജനങ്ങളെ ശൈത്യകാല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും അതുമൂലമുള്ള എൻഎച്ച്എസ് പ്രതിസന്ധി ഒഴിവാക്കാനും ആണ് തൻറെ പ്രഥമ പരിഗണനയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ശൈത്യകാല രോഗങ്ങളെ നേരിടുന്നതിനുള്ള ആസൂത്രണം വളരെ നേരത്തെ ആരംഭിച്ചതായി അവർ പറഞ്ഞു. നിലവിലുള്ളതിനേക്കാൾ 5000 അധികം ബെഡുകളും എൻഎച്ച്എസ് രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.


ഈ വർഷം സെപ്റ്റംബറിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷമായി ഉയർന്നത് കടുത്ത ഭീഷണിയാണ് ആരോഗ്യ മേഖലയിൽ ഉയർത്തിയിരിക്കുന്നത്. എന്നാൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള റിഷി സുനക് സർക്കാരിൻറെ നീക്കങ്ങൾ പരാജയപ്പെട്ടതിന് പണിമുടക്കുകളെ പഴിചാരാനാണ് ഹെൽത്ത് സെക്രട്ടറി ശ്രമിച്ചത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പണിമുടക്കുകൾ മൂലം 1.1 ദശലക്ഷം അപ്പോയിന്റ്‌മെന്റുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായി അവർ പറഞ്ഞു