ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ആകെ ഞെട്ടിച്ച് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് അമാൻഡ പ്രിച്ചാർഡ് രാജിവെച്ചു . കഴിഞ്ഞ കുറെ നാളുകളായി സർക്കാരുമായി ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടർന്നാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം എന്നാണ് കരുതപ്പെടുന്നത്. വിവിധ വിഷയങ്ങളെ ചൊല്ലി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി അവർ നിരന്തരം കൂടി കാഴ്ചകൾ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ നിർണായക കൂടിക്കാഴ്ചയെ തുടർന്നാണ് രാജി. മൂന്നര വർഷത്തെ പദവിക്ക് ശേഷമുള്ള രാജി സൗഹാർദ്ദപരമാണെന്നും അവരെ നിർബന്ധിതമായി പുറത്താക്കിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
1948 എൻഎച്ച്എസ് സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നതെന്ന് സ്ട്രീറ്റിംഗും കെയർ സ്റ്റാർമറും പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടത്തിൽ എൻഎച്ച്എസിനെ നയിക്കാനുള്ള അമാൻഡ പ്രിച്ചാർഡിൻ്റെ നേതൃത്വപരമായ പാഠവത്തെ കുറിച്ച് ഹൗസ് ഓഫ് കോമൺസ് കമ്മിറ്റികൾ അസാധാരണമായ വിമർശനം ഉന്നയിച്ച് ഒരു മാസത്തിനുള്ളിലാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം. പ്രിച്ചാർഡ്, അവരുടെ ഡെപ്യൂട്ടി ജൂലിയൻ കെല്ലി, ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലെ രണ്ട് മുതിർന്ന സിവിൽ സർവീസുകാർ എന്നിവരെ കുറിച്ച് കടുത്ത വിമർശനങ്ങളാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉന്നയിച്ചത് രാജിക്ക് വഴി വച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽഅമാൻഡ പ്രിച്ചാർഡിനോട് സ്ഥാനമൊഴിയാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
അമാൻഡ പ്രിച്ചാർഡ് 2021 ലാണ് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അന്ന് എൻഎച്ച്എസിനെ നയിക്കുന്നതിൽ അവർ നിർണ്ണായക പങ്കുവഹിച്ചു. അതിനുമുമ്പ് അവർ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലണ്ടനിലെ ഗൈസ്, സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയുടെ തലവൻ, ടോണി ബ്ലെയറിന്റെ സർക്കാരിൽ ഉപദേഷ്ടാവ് എന്നീ പദവികൾ വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അവർ . കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചതും, ക്യാൻസർ വാക്സിനുകളുടെ വികസനവും, ദശലക്ഷക്കണക്കിന് ആളുകളെ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതും അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്.
Leave a Reply