ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് ആരംഭിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗികളുടെ ചികിത്സയിൽ തടസങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്ന് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടന്ന പന്ത്രണ്ടാമത്തെ വാക്ക്ഔട്ടാണ്. മുൻപ് നടന്ന പണിമുടക്കുകളിൽ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാൻ എൻഎച്ച്എസ് ശ്രമിക്കുന്നുണ്ട്.
അടുത്തിടെ ശമ്പള വർദ്ധനവ് ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ യഥാർത്ഥ വേതനത്തിൽ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവിൽ ജൂനിയർ ഡോക്ടർമാരുടെ പ്രാരംഭ ശമ്പളം £38,831 ആണ്. പരിശീലനം ആരംഭിക്കുമ്പോൾ ഇത് £73,000-ൽ കൂടുതൽ ആവും. ഇതിൽ വാരാന്ത്യ ഷിഫ്റ്റുകളിൽ നിന്നുള്ള അധിക വരുമാനവും ഉൾപ്പെടുന്നുണ്ട്. മെഡിക്കൽ ജീവനക്കാരിൽ പകുതിയോളം റസിഡന്റ് ഡോക്ടർമാരാണ്. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
Leave a Reply