ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഏഴു പതിറ്റാണ്ടിന്റെ പൊതുസേവനത്തിനും കോവിഡിനെ സധൈര്യം നേരിടുന്നതിനുമുള്ള ആദരമെന്നോണം എൻ‌എച്ച്‌എസിന് ജോർജ്ജ് ക്രോസ് സമ്മാനിച്ച് രാജ്ഞി. എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും കോവിഡ് മുൻനിര പോരാളികൾക്കും മെഡൽ സമ്മാനിക്കും. ഉദ്യോഗസ്ഥർ കാണിച്ച ധൈര്യം, അനുകമ്പ, അർപ്പണബോധം എന്നിവയെ പ്രശംസിക്കുകയും സംഘടനയോട് നന്ദി അറിയിക്കുകയും ചെയ്തു. പകർച്ചവ്യാധിയുടെ സമയത്ത് മുൻ‌നിര തൊഴിലാളികൾ പ്രകടിപ്പിച്ച ധീരതയെക്കുറിച്ച് വിൻഡ്‌സർ കാസിൽ ഹെഡ് പേപ്പറിൽ രാജ്ഞി വിശദമായി എഴുതിയിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ഗാലൻട്രി മെഡൽ എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും നൽകുമെന്ന് രാജ്ഞി അറിയിച്ചു. “നന്ദിയുള്ള ഒരു രാജ്യത്തിന് വേണ്ടി ഞാൻ വളരെ സന്തോഷത്തോടെയാണ് യുണൈറ്റഡ് കിംഗ് ഡത്തിലെ ദേശീയ ആരോഗ്യ സേവനങ്ങൾക്ക് ജോർജ്ജ് ക്രോസ് സമ്മാനിക്കുന്നത്. ഈ അവാർഡ് നാല് രാജ്യങ്ങളിലെയും എല്ലാ വിഭാഗത്തിലുമുള്ള എൻ‌എച്ച്‌എസ് ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്.” രാജ്ഞി എഴുതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ഏഴ് പതിറ്റാണ്ടിലേറെയായി, പ്രത്യേകിച്ചും ഈ കാലത്ത്, നിങ്ങൾ നമ്മുടെ രാജ്യത്തെ ജനങ്ങളെ ധൈര്യത്തോടും അനുകമ്പയോടും അർപ്പണബോധത്തോടും കൂടി പിന്തുണച്ചിട്ടുണ്ട്. പൊതുസേവനത്തിന്റെ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ നന്ദിയും ഹൃദയംഗമമായ അഭിനന്ദനവും ഉണ്ട്.” രാജ്ഞിയുടെ ഈ സന്ദേശം വിലമതിക്കാനാവാത്ത എൻ എച്ച് എസ് സേവങ്ങൾക്കുള്ള അംഗീകാരമാണ്. ജോർജ്ജ് ക്രോസ് കമ്മിറ്റിയുടെയും പ്രധാനമന്ത്രിയുടെയും ഉപദേശപ്രകാരമാണ് രാജ്ഞി ജോർജ്ജ് ക്രോസ് നൽകുന്നത്. അവാർഡ് നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 1940 സെപ്റ്റംബർ 24 ന് ജോർജ്ജ് ആറാമൻ രാജാവാണ് ജോർജ്ജ് ക്രോസ് സ്ഥാപിച്ചത്. ധീരതയ്ക്കുള്ള അവാർഡ് ആണിത്.

സ്വന്തം ജീവിൻ പണയപ്പെടുത്തിയാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എൻ‌എച്ച്‌എസ് സ്റ്റാഫുകൾ മുന്നിട്ടിറങ്ങിയത്. നൂറുകണക്കിന് പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. പലരും ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ട് പലരെയും മാനസികമായും ശാരീരികമായും ബാധിച്ചു. 79 ദശലക്ഷം കുത്തിവയ്പ്പുകൾ നൽകാനും 405,000 കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ ചികിത്സ നൽകാനും മുൻനിരയിൽ പ്രയത്നിച്ച എൻ എച്ച് എസ് പോരാളികൾക്കല്ലാതെ മാറ്റാർക്കാണ് ഈ രോഗപ്രതിസന്ധിയുടെ കാലത്ത് ധീരതയ്ക്കുള്ള അംഗീകാരം നൽകുക.