യുകെയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എന്‍എച്ച്എസ് ഡോക്ടര്‍ അറസ്റ്റില്‍. നൂറോളം രോഗികള്‍ അക്രമത്തിന് ഇരയായെന്നാണ് സംശയം. ഇതിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എ&ഇ ക്ലിനിഷ്യനായി ജോലി ചെയ്യുന്ന 34-കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നാല് വര്‍ഷം മുന്‍പ് തന്നെ ഈ ഡോക്ടറുടെ പെരുമാറ്റങ്ങളെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നതായി പറയുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ഡിസംബറില്‍ ഏഴും, പതിനഞ്ചും വയസുകാരായ കുട്ടികളുടെ രക്ഷിതാക്കളാണ് ഡോക്ടറുടെ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ടത്. ഇതിന്റെ പേരില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് രോഗികളെ ഡോക്ടര്‍ ചികിത്സിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഡോക്ടര്‍ കണ്ട ചുരുങ്ങിയത് 109 രോഗികളാണ് ഇയാളുടെ രീതികളില്‍ ആശങ്കയുള്ളതായി തിരിച്ചറിഞ്ഞത്. 2018ല്‍ ഒരു പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ രീതി സംബന്ധിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസും, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും അന്വേഷണം നടത്തി. ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും തെളിവില്ലെന്ന് പോലീസ് പറഞ്ഞതോടെ 2019ല്‍ ജോലിയിലേക്ക് മടങ്ങിയെത്തി. രണ്ട് വര്‍ഷം സ്‌റ്റോക്ക് ഹോസ്പിറ്റലില്‍ പരിശീലനം നേടിയ ഇയാള്‍ 2020 ആഗസ്റ്റില്‍ ഡഡ്‌ലിയില്‍ ജോലിക്കെത്തി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വീണ്ടും ആരോപണം ഉയര്‍ന്നതോടെ ഡോക്ടറെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ജാമ്യത്തിലുള്ള ഇയാള്‍ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസും, എന്‍എച്ച്എസും ഓപ്പറേഷന്‍ അന്‍സു എന്ന പേരില്‍ ഡോക്ടര്‍ കണ്ട കുട്ടികളുടെ ക്ലിനിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച് വരികയാണ്.
ആരോപണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സ്റ്റോക്ക്-ഓണ്‍-ട്രെന്റ് സൗത്ത് എംപി ജാക്ക് ബ്രെറ്റണ്‍ പറഞ്ഞു. “ഞാന്‍ റോയല്‍ സ്റ്റോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായി സംസാരിച്ചു, അവര്‍ അത് വളരെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് ഉറപ്പു തന്നിട്ടുണ്ട്,“ അദ്ദേഹം പറഞ്ഞു.
Leave a Reply