ലണ്ടന്‍: വിന്റര്‍ പ്രസിസന്ധി നേരിടുന്നതിനായി ലേബറിന് 500 മില്യന്‍ പൗണ്ട് സഹായം അനുവദിക്കണമെന്ന് ലേബര്‍ പാര്‍ട്ടി. ആയിരക്കണക്കിന് രോഗികള്‍ക്കുണ്ടാകാനിടയുള്ള ദുരിതങ്ങള്‍ ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 10,000ത്തോളം രോഗികള്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകകയാണ് പ്രധാനമന്ത്രിയെന്നും ലേബര്‍ കുറ്റപ്പെടുത്തുന്നു. തെരേസ മേയ് മണ്ണില്‍ തല പൂഴ്ത്തിയിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്വര്‍ത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിന്റര്‍ എന്‍എച്ച്എസിന്റൈ ചരിത്രത്തിലെ ഏറ്റവും മോശം കാലയളവായിരുന്നു. മുമ്പില്ലാത്ത വിധത്തിലാണ് ആശുപത്രികളില്‍ രോഗികള്‍ എത്തിയത്. കാലാവസ്ഥ മോശമാകുന്നതോടെ അസുഖങ്ങള്‍ പെരുകുകയും പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിനെ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് ലേബര്‍ സമ്മേളനത്തില്‍ നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ ആഷ്വര്‍ത്ത് ഉന്നയിക്കും. ആശുപത്രികളുടെ ശേഷി ഉയര്‍ത്താന്‍ 500 മില്യന്‍ പൗണ്ട് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സോഷ്യല്‍ കെയര്‍ സര്‍വീസുകളുടെ വൈകല്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യതപ്പെടും.