ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനോടൊപ്പം എൻ എച്ച് എസും പ്രതിസന്ധിയുടെ പടവുകളേറുകയാണ്. ഈ ശൈത്യകാലത്ത് കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നിരിക്കെ രോഗപ്രതിരോധവും എൻ എച്ച് എസിന്റെ ചികിത്സാ നിലവാരവും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. രോഗ നിയന്ത്രണ നടപടികൾ മൂലം എൻ എച്ച് എസിന്റെ ശേഷി കുറയുന്നുവെന്ന് ആരോഗ്യ മേധാവികൾ വെളിപ്പെടുത്തി. ഇംഗ്ലീഷ് എൻഎച്ച്എസിനെക്കുറിച്ചുള്ള എൻഎച്ച്എസ് കോൺഫെഡറേഷൻ റിപ്പോർട്ടിൽ കൂടുതൽ നിക്ഷേപം ഇപ്പോൾ ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ ശൈത്യകാലത്തെ രോഗപ്രതിരോധത്തിനായി 3 ബില്യൺ പൗണ്ട് അധികമായി സർക്കാർ വാഗ് ദാനം ചെയ്തിട്ടും പ്രതിസന്ധി നേരിടുകയാണ്. അണുബാധ നിയന്ത്രണ നടപടികളെ നേരിടാൻ ആശുപത്രികളെ സഹായിക്കുക, കാൽമുട്ട്, ഹിപ്പ് മാറ്റിവയ്ക്കൽ പോലുള്ള പതിവ് ചികിത്സകൾ സ്വകാര്യമായി ചികിത്സിക്കുന്നതിനുള്ള പണം രോഗികൾക്ക് നൽകുക എന്നിവയ്ക്കുവേണ്ടി ആ ധനസഹായം ചിലവിടാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ആശുപത്രികൾ ഇപ്പോഴും സാധാരണ പ്രവർത്തനങ്ങളുടെ പകുതി മാത്രമേ ചെയ്യുന്നുള്ളൂ. ഇരുപത് ലക്ഷം രോഗികൾ 18 ആഴ്ചയിൽ കൂടുതലായി ഒരു ചികിത്സ നേടാൻ കാത്തിരിക്കുന്നു.
എൻഎച്ച്എസിനായി സുസ്ഥിരമായ ഒരു പദ്ധതി കണ്ടെത്തേണ്ടതുണ്ടെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ ചീഫ് എക് സിക്യൂട്ടീവ് ഡാനി മോർട്ടിമർ പറഞ്ഞു. “എൻഎച്ച്എസിന്റെയും സാമൂഹ്യ പരിപാലന സേവനങ്ങളുടെയും വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരിക്കുമെന്നതിൽ ആർക്കും സംശയമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ എൻ എച്ച് എസിന് സാധിക്കില്ലെന്ന് പലരും പറഞ്ഞിട്ടും കോവിഡ് രോഗികളുടെ ഒരു വലിയ തരംഗത്തെ നിയന്ത്രിക്കുക മാത്രമല്ല, വൈറസ് ബാധിക്കാത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് എൻ എച്ച് എസ് ചികിത്സ നൽകുകയും ചെയ് തിരുന്നു. ഫലപ്രദമായ ടെസ്റ്റ്-ട്രേസ് സിസ്റ്റം ഇല്ലെങ്കിലും വൈറസിനെ നേരിടാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് മോർട്ടിമർ അറിയിച്ചു.
കോൺഫെഡറേഷന്റെ സർവേയിൽ പ്രതികരിച്ച 250 ലധികം മേലധികാരികളിൽ ഭൂരിഭാഗം പേരും ഫണ്ടിങ് പ്രധാന പ്രശ് നമാകുന്നുവെന്ന് പറഞ്ഞു. മാനസികാരോഗ്യ സംരക്ഷണം മുതൽ കാൻസർ ചികിത്സ, പതിവ് പ്രവർത്തനങ്ങൾ തുടങ്ങി എല്ലാത്തിലും ധനസഹായത്തിന്റെ അഭാവം ഒരു പ്രധാന തടസ്സമാകുമെന്ന് അവർ വെളിപ്പെടുത്തി. ആശങ്കയുളവാക്കുന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് നഴ്സിംഗിലെ ഡാം ഡോന്ന കിന്നെയർ പറഞ്ഞു. നഴ് സിംഗ് സ്റ്റാഫുകളുടെ ഗുരുതരമായ ക്ഷാമം എൻ എച്ച് എസ് സേവനങ്ങൾക്കും അവയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ശൈത്യകാലത്തെ രോഗവ്യാപനത്തെയും മരണങ്ങളെയും നേരിടാൻ എൻ എച്ച് എസ്, സുപ്രധാന പദ്ധതികൾ ആവിഷ് കരിക്കേണ്ടതുണ്ട്.
Leave a Reply