ലണ്ടന്‍: ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും ദുര്‍ഘടവും അവിസ്മരണീയവുമായ സമയമാണ് പ്രസവം. വേദനയില്‍ മുങ്ങിയ ചില മണിക്കൂറുകള്‍ ആശുപത്രികളിലാണ് ചെലവഴിക്കുന്നതെങ്കില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും അരികില്‍ ഉണ്ടാകാറില്ല. ഈ സമയത്ത് ശുശ്രൂഷിക്കാനും ആരും സമീപത്തില്ലെങ്കിലുള്ള അവസ്ഥ നരക സമാനമായിരിക്കും. എന്‍എച്ച്എസ് ആശുപത്രികളിലെ മെറ്റേണിറ്റി വാര്‍ഡുകളില്‍ എത്തുന്ന ഗര്‍ഭിണികളില്‍ നാലിലൊന്ന് പേര്‍ക്ക് ഈ ദുരിതത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ടെന്ന് കണ്ടെത്തല്‍. എന്‍എച്ച്എസ് വാച്ച്‌ഡോഗായ കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെറ്റേണിറ്റി കെയര്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നാണ് വെളിപ്പെടുത്തല്‍.
ഗര്‍ഭകാല പരിചരണത്തിന് നിയോഗിക്കപ്പെട്ട മിഡൈ്വഫുമാരെത്തന്നെ പ്രസവ ശുശ്രൂഷയ്ക്കും ലഭിക്കണമെന്ന ഗര്‍ഭിണികളുടെ ആഗ്രഹം സാധിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് മുന്‍കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് കടുത്ത ദുരിതമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. പത്ത് വര്‍ഷം മുമ്പ് നല്‍കിയിരുന്ന നിലവാരത്തിലുള്ള പരിരക്ഷ പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്ന് ചൈല്‍ഡ് ബര്‍ത്ത് ക്യാംപെയിനര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു.
18,426 സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 23 ശതമാനം പേര്‍ക്ക് പ്രസവമുറികളില്‍ ഒറ്റക്ക് കിടക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ഡോക്ടറോ മിഡൈ്വഫോ തങ്ങളുടെ സമീപത്തുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 2015ല്‍ ഇതേ സര്‍വേ നടത്തിയപ്പോള്‍ 26 ശതമാനം സ്ത്രീകള്‍ സമാന അനുഭവം പങ്കുവെച്ചു. അതില്‍ നിന്ന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2010 മുതലുള്ള എന്‍എച്ച്എസ് നയമനുസരിച്ച് പ്രസവവേദനയിലുള്ള സ്ത്രീകള്‍ക്കൊപ്പം ഒരു മിഡൈ്വഫോ ഡോക്ടറോ എല്ലാ സമയത്തും ഉണ്ടാകണം. എന്നാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധി ഇതിന് വെല്ലുവിളിയാകുന്നുണ്ട്.
എന്‍എച്ച്എസിനുമേല്‍ ചുമത്തപ്പെടുന്ന ചികിത്സാപ്പിഴവ് സംബന്ധിച്ച കേസുകൡ പകുതിയും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവയാണെന്ന് അടുത്തിടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തില്‍ ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലാണ് സിക്യുസി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍സിടി നടത്തിയ പഠനത്തില്‍ ആകെ നടക്കുന്ന പ്രസവങ്ങളുടെ പകുതിയില്‍ ഒരെണ്ണത്തിലെങ്കിലു അമ്മയ്‌ക്കോ കുഞ്ഞിനോ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പ്രസവമുറികളില്‍ ഒറ്റക്കാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലുള്ള നിരക്ക് തന്നെ ഞെട്ടിക്കുന്നതാണെന്ന് എന്‍സിടി സീനിയര്‍ പോളിസി അഡൈ്വസര്‍ എലിസബത്ത് ഡഫ് പറഞ്ഞു. വളരെ വേദനിപ്പിക്കുന്നതും അപകടകരവുമായ അവസ്ഥയാണ് അതെന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ കുറവായതും മിഡൈ്വഫുമാര്‍ക്ക് അമിതമായി ജോലി നല്‍കപ്പെടുന്നതുമാണ് ഈ അവസ്ഥക്ക് കാരണം. മിഡൈ്വഫുമാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Leave a Reply