ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധകള്‍ ചെറുക്കാന്‍ പുതിയ വാക്വം ഡ്രസിംഗ് സംവിധാനം അവതരിപ്പിച്ച് എന്‍എച്ച്എസ്. ശസ്ത്രക്രിയകള്‍ക്കു ശേഷമുണ്ടാകുന്ന അണുബാധകള്‍ ചെറുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ജീവന്‍ രക്ഷാ മാര്‍ഗ്ഗമാകുമെന്നാണ് വിവരം. ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള ഡ്രസിംഗില്‍ ബാക്ടീരിയ അണുബാധയുണ്ടാകാതിരിക്കാനായി സ്രവങ്ങള്‍ വലിച്ചെടുക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. എട്ടില്‍ ഒന്ന് രോഗികള്‍ക്ക് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഗുരുതരമായ അണുബാധയുണ്ടാകാറുണ്ട്. ശസ്ത്രക്രിയാ മുറിവുകളിലുടെ പ്രവേശിക്കുന്ന ബാക്ടീരിയകളാണ് ഇതിന് പ്രധാന കാരണക്കാര്‍.
അമിത വണ്ണക്കാരായ രോഗികളില്‍ അണുബാധ 40 ശതമാനത്തോളം അധികമാണ്. പൈകോ മെഷീന്‍ എന്ന് അറിയപ്പെടുന്ന പുതിയ ഉപകരണം മുറിവുകള്‍ നന്നായി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. മുറിവുകള്‍ അബദ്ധത്തില്‍ വീണ്ടും തുറക്കുന്നത് ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. ഈ ഉപകരണത്തിലൂടെ ഡ്രസ് ചെയ്യുമ്പോള്‍ ബാറ്ററി പാക്ക് പ്രവര്‍ത്തിക്കുകയും മുറിവിനു സമീപത്ത് സക്ഷന്‍ നടത്തി സീല്‍ ചെയ്യപ്പെടുകയും ചെയ്യും. മുറിവിലെ പഴുപ്പും സ്രവങ്ങളും വലിച്ചെടുക്കുകയും മുറിവുള്ള പ്രദേശത്തേക്ക് രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ മുറിവുണങ്ങാനുള്ള സ്വാഭാവിക ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.
യുകെയില്‍ തന്നെ നിര്‍മിച്ച ഈ ഉപകരണത്തിന്റെ പരീക്ഷണം നൂറിലേറെ ആശുപത്രികളില്‍ നടത്തിക്കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധകള്‍ 70 ശതമാനത്തോളം കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.
Leave a Reply