ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- തന്റെ പെൻഷൻ പണത്തിൽ നിന്നും 45000 പൗണ്ട് തുക തട്ടിപ്പുകാരിലൂടെ നഷ്ടമായതായി വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പത്തെട്ടുകാരിയായ എൻഎച്ച്എസ് നേഴ്സ് പോളിൻ പാഡൻ. കൂടുതൽ റിട്ടേണുകളും ക്യാഷ് ബോണസുകളും മറ്റും നൽകാമെന്ന് വാഗ്ദാനത്തിലാണ് ഇവർ പെൻഷൻ പണം വാങ്ങിയതെന്ന് നേഴ്സ് വ്യക്തമാക്കി. 2013ൽ തന്റെ മാതാവ് ആശുപത്രിയിലായിരുന്ന സമയത്താണ് ഇവർ പോളിനുമായി ബന്ധപ്പെടുന്നത്. നിലവിലെ പെൻഷൻ അവരുടെ അക്കൗണ്ടിലേക്ക് നൽകിയാൽ കൂടുതൽ തുക ബോണസായി ലഭിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് പോളിൻ തന്റെ പെൻഷൻ ട്രാൻസ്ഫർ ചെയ്തത്. ഫോണിലൂടെയാണ് എല്ലാ ഇടപാടുകളും നടന്നതെന്ന് പോളിൻ വ്യക്തമാക്കുന്നുണ്ട്. സ്കീമിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി പോളിന് 2500 പൗണ്ട് തുക അവർ നൽകി. അതിനുശേഷം തനിക്ക് 1900 പൗണ്ട് കൂടി ലഭിച്ചതോടെ പോളിന് ഈ സ്കീമിലുള്ള വിശ്വാസം വർധിച്ചു.
എന്നാൽ പിന്നീട് കുറെ മാസങ്ങൾ ഇവരിൽ നിന്നും യാതൊരു വിവരങ്ങളും ലഭിക്കാതായതോടെയാണ് പോളിൻ ആശങ്കപ്പെട്ടത്. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം പെൻഷൻസ് റെഗുലേറ്റർ ഓഫീസിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് പോളിൻ തിരിച്ചറിഞ്ഞത്. നിരവധി കോടികളുടെ ഈ തട്ടിപ്പിൽ ഉൾപ്പെട്ട രണ്ടുപേരെ പിന്നീട് കഴിഞ്ഞ ഏപ്രിലിൽ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. സൂസൻ ഡാൽട്ടനും അലൻ ബാരറ്റും ചേർന്നാണ് 2012 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 245 ഓളം പേരിൽനിന്ന് 13.7 മില്യൻ പൗണ്ട് തുക തട്ടിയെടുത്തത്. ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് ഓസ്റ്റിൻ 2019 ൽ പോലീസ് അന്വേഷണം ഭയന്ന് ആത്മഹത്യ ചെയ്തിരുന്നു. ഓരോ വ്യക്തിയിൽ നിന്നും ശരാശരി 55000 പൗണ്ട് തുകയോളമാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിലാണ് എൻഎച്ച്എസ് നേഴ്സ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.
Leave a Reply