ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ആശുപത്രിയിൽ നിന്ന് ഗുളിക മോഷ്ടിച്ചതിനെ തുടർന്ന് നേഴ്സിനെ പിരിച്ചുവിട്ടു. മെഴ്‌സിസൈഡിലെ ആരോ പാർക്ക് ആശുപത്രിയിലായിരുന്നു സംഭവം. വുൾട്ടൺ സ്വദേശിനി നേഴ്സ് ഫ്രാൻസെസ്ക മോർഗനെ(32)തിരെയാണ് നടപടിയെടുത്തത്. ജോലി ചെയ്യുന്ന ഷിഫ്റ്റിനിടയിൽ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫാർമസിയിൽ നിന്ന് ഗുളിക എടുത്തു കഴിക്കുകയായിരുന്നു.
കോ-കോഡമോൾ ഗുളികയും പാരസെറ്റമോൾ ഗുളികയുമാണ് ഫ്രാൻസെസ്ക തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എടുത്ത് കഴിച്ചത്. ഫാർമസിയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുളിക മോഷണം നടന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഗുളിക നഷ്ടപ്പെടുന്നെന്ന അനുമാനത്തിൽ ഫാർമസിയിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലാണ് മോർഗൻ ഗുളിക എടുത്തു കഴിക്കുന്ന ദൃശ്യം പതിഞ്ഞത്. ഇതിനെ തുടർന്നാണ് ആശുപത്രി അധികൃതർ നടപടി എടുത്തത്.
വിറൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ വാദം കേട്ടത്. ജൂൺ മാസം ഗുളിക എടുത്ത് കഴിച്ചത് മോർഗൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ അതേസമയം ഫാർമസിയിൽ നിന്നും ഗുളികകൾ ഇതിനു മുൻപും നഷ്ടപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ യ്വോന ഡോബ്സൺ കോടതിയെ അറിയിച്ചു. നേഴ്സ് ഗുളിക എടുത്ത് ഉപയോഗിച്ചതിന്റെ തെളിവ് ക്യാമറ ദൃശ്യത്തിൽ നിന്നും വ്യക്തമാണെന്നും, പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞെന്നും അവർ കൂട്ടിചേർത്തു.
Leave a Reply