ന്യൂസ് ഡെസ്ക് മലയാളം യുകെ
കേപ് ടൗൺ : ഒമിക്രോണിന്റെ വരവോടെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം കോവിഡ് രോഗികളെ ചികിത്സിച്ച എൻഎച്ച്എസ് നേഴ്സ് ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിക്കിടക്കുന്നു. ഹൾ റോയൽ ഇൻഫർമറിയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന മെൽ രണ്ട് വർഷമായി തന്റെ കുടുംബത്തെ കണ്ടിട്ടില്ല. അവധിക്കാലത്ത് ദക്ഷിണാഫ്രിക്കയിലേക്ക് പോയ മെൽ യാത്രാ നിയന്ത്രണങ്ങൾ കാരണം പെട്ടുപോകുകയായിരുന്നു. മടക്കയാത്രയ്ക്ക് എട്ടു ദിവസം മുമ്പാണ് ബ്രിട്ടൻ ദക്ഷിണാഫ്രിക്കയെ റെഡ് ലിസ്റ്റിൽ ചേർത്തത്. 1,500 പൗണ്ട് മുടക്കി എമർജൻസി ഫ്ലൈറ്റിൽ ബ്രിട്ടനിൽ എത്താൻ തീരുമാനിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങൾ കാരണം രാജ്യത്തേയ്ക്ക് കടക്കാൻ കഴിഞ്ഞില്ല.
രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിനും ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്നതിനും കോവിഡ് പരിശോധനയ്ക്കുമായി മെൽ പണം നൽകിയിട്ടുണ്ട്. എന്നാൽ 5000 പൗണ്ട് കൂടി ആവശ്യമായി വന്നതോടെ മെല്ലിനെ ഏതുവിധേനയും തിരികെയെത്തിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രമിക്കുകയാണ്.
കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനാൽ ഞങ്ങളുടെ നഴ്‌സുമാരിൽ ഒരാളായ മെൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സഹപ്രവർത്തകനായ കെറി പാങ്ക് പറഞ്ഞു. മുന്നറിയിപ്പ് കൂടാതെ ദക്ഷിണാഫ്രിക്കയെ റെഡ് ലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചതോടെ നിരവധി ബ്രിട്ടീഷുകാരാണ് ഒമിക്രോൺ പടർന്നുപിടിച്ച രാജ്യത്ത് പെട്ടുപോയത്.
Leave a Reply