ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതുവർഷത്തിൽ വീണ്ടും പണിമുടക്കിനായി യുകെയിലെ എന്‍എച്ച്എസ് നേഴ്സുമാര്‍ തയ്യാറെടുക്കുന്നതായുള്ള വാർത്തകൾ പുറത്ത്. ഇതിന് പിന്നാലെ മാസങ്ങൾക്ക് മുൻപ് നാമമാത്രമായി വാഗ്‌ദാനം ചെയ്‌ത ശമ്പള വർധനവിൽ തങ്ങൾ തൃപ്‌തരല്ലെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് (ആര്‍സിഎന്‍) പറഞ്ഞു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും പണിമുടക്കെന്ന് ആര്‍സിഎന്‍ സൂചന നൽകിയിട്ടുണ്ട്. 2023 ൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നേഴ്‌സിംഗ് യൂണിയനുകൾ പണിമുടക്കുകൾ നടത്തിയിരുന്നു. എന്നാൽ സർക്കാർ തുച്ഛമായ ശമ്പള വര്‍ദ്ധനവ് മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ പറഞ്ഞു.
അതേസമയം നാമമാത്രമായി ശമ്പളവർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് കൂടുതൽ നടപടികൾ വേണമെന്ന ആവശ്യവുമായി ആർസിഎൻ രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ തങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്യുന്നതെന്ന് ആർസിഎൻ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പാറ്റ് കുള്ളന്‍ പറയുന്നു.
2024 ല്‍ നേഴ്സുമാര്‍ക്ക് മാന്യമായ വരുമാനത്തോടൊപ്പം സുരക്ഷിതമായ രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യവും ഒരുക്കണമെന്നാണ് നേഴ്‌സിംഗ് യുണിയൻെറ ആവശ്യം. നിലവിൽ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 40,000 ത്തിലേറെ നേഴ്‌സിംഗ് ഒഴിവുകൾ ആണ് ഉള്ളത്. അതിനാൽ ഓരോ ജീവനക്കാർക്കും പ്രതിദിനം 10 മുതല്‍ 15 രോഗികളെ വരെ പരിചരിക്കേണ്ടതായി വരുന്നു. 2024 തെരഞ്ഞെടുപ്പ് വർഷമായതിനാൽ യുകെയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ശമ്പളവർദ്ധന വിഷയത്തിൽ ഇടപെടൽ നടത്താൻ ക്ഷണിക്കുമെന്നും പാറ്റ് കുള്ളൻ അറിയിച്ചു.
Leave a Reply