ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ നല്ലൊരു ശതമാനം എൻഎച്ച്എസിൽ നേഴ്സുമാരായിട്ടാണ് ജോലി ചെയ്യുന്നത്. അറിവും, ആത്മാർത്ഥതയും അർപ്പണബോധവും കൈമുതലാക്കിയ മലയാളി മാലാഖമാരുടെ തൊഴിൽ മികവ് കോവിഡ് ഉൾപ്പെടെയുള്ള ഒട്ടേറെ അവസരങ്ങളിൽ പരക്കെ പ്രശംസയ്ക്ക് വിധേയമായിരുന്നു.
എന്നാൽ പലപ്പോഴും എൻ എച്ച് എസിലെ ജോലി അത്ര സുഗമമല്ല. നേഴ്സായി ജോലി ചെയ്യുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ ) നേഴ്സിംഗ് ഡയറക്ടർ പ്രൊഫ. നിക്കോള റേഞ്ചർ . മതിയായ ജീവനക്കാരില്ലാത്തത് , ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം അധികരിച്ചത് തുടങ്ങി എൻഎച്ച്എസ്സിന്റെ പല പ്രതിസന്ധികളും മൂലം നിരാശരായ രോഗികളുടെ മോശം പെരുമാറ്റത്തിന് ഇരയാകേണ്ടി വരുന്നത് നേഴ്സുമാരാണ്. ജോലിസമയത്ത് നേരിടുന്ന ഇത്തരം പ്രവർത്തികളുടെ പേരിൽ പലരും എൻഎച്ച്എസ് ഉപേക്ഷിക്കുന്നതായും അവർ വെളിപ്പെടുത്തി.
ആർ സി എന്നിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം നേഴ്സുമാർ രോഗികളിൽ നിന്ന് നേരിട്ട അതിക്രമങ്ങൾ 21 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ 14 ശതമാനം ലൈംഗികാതിക്രമങ്ങളും 63% ശാരീരിക പീഡനങ്ങളുമാണ്. പല പ്രശ്നങ്ങളുടെയും മൂല കാരണം എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥതയാണെന്നാണ് കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് നേഴ്സ് ആയിരുന്ന റേഞ്ചറിന്റെ അഭിപ്രായം. എൻഎച്ച്എസിൽ ആളുകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതായി ഞാൻ കരുതുന്നു. നിങ്ങൾക്ക് എ & ഇ യിൽ 13 -14 മണിക്കൂർ കാത്തിരിക്കേണ്ടി വരുകയും നിങ്ങളുടെ പ്രായമായ അമ്മ ട്രോളികളിൽ കുടുങ്ങി കിടക്കുകയും ചെയ്താൽ ആരാണ് നിരാശപ്പെടാതിരിക്കുക എന്ന് അവർ ചോദിച്ചു. 2019 നെ അപേക്ഷിച്ച എൻ എച്ച് എസിൽ 50000 അധികം നേഴ്സുമാർ ജോലി ചെയ്യുന്നുണ്ടെന്ന കണക്കുകൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. എന്നിരുന്നാൽ പോലും നിലവിൽ 40, 000 നേഴ്സുമാരുടെ ഒഴിവുകൾ എൻഎച്ച്എസിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ
Leave a Reply