ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നതിലുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൊറോണർമാർ. പല രോഗികൾക്കും ജീവൻ നഷ്ടമായത് ഡോക്ടർമാർക്ക് പ്രധാനപ്പെട്ട വിശദാംശങ്ങൾ ലഭിക്കാത്തതിന് പിന്നാലെയാണെന്നും അവർ പറയുന്നു. ഐടി സംവിധാനങ്ങളിലെ പിഴവുകൾ, നിയന്ത്രിത റെക്കോർഡ് ആക്‌സസ്, എൻഎച്ച്എസിന് പുറത്തുള്ള വിവര കൈമാറ്റത്തിനുള്ള തടസ്സങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഡോക്ടർമാർക്ക് പലപ്പോഴും രോഗികളുടെ ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് തടസം ആകുകയും, മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിൽ രോഗിയുടെ വിവരം ലഭിക്കാത്തതിനെ തുടർന്ന്, ഡൗൺസ് സിൻഡ്രോം ബാധിച്ച മൂന്ന് വയസ്സുള്ള ആൺകുട്ടി ചിക്കൻപോക്സ് ബാധിച്ച് സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലം മരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നെങ്കിലും ഇത് അറിയാതിരുന്ന എൻഎച്ച്എസ് 111 ഉപദേശകന് അടിയന്തിരമായി കുട്ടിക്ക് നൽകേണ്ട പരിചരണ നിർദ്ദേശങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. സമാന രീതിയിൽ ആംബുലൻസിൽ നിന്ന് A&E-യ്ക്ക് കൈമാറുന്നതിനിടയിൽ നിർണായകമായ വിവരങ്ങൾ നൽകുന്നതിൽ നടന്ന പിഴവ് മൂലം 11 വയസ്സുള്ള കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു.

നിർണായക വിവരങ്ങൾ ഇല്ലാതെ മാനസികാരോഗ്യ ജീവനക്കാർ ഡിസ്ചാർജ് ചെയ്‌ത രോഗി അടുത്ത ദിവസം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ രംഗത്ത് വിവരങ്ങൾ പങ്കിടുന്നതിനായി ഏകീകൃത എൻഎച്ച്എസ് രോഗികളുടെ ഡാറ്റാ സംവിധാനം നടപ്പിലാക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടിരുന്നു. രോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾക്കായി സർക്കാർ 2 ബില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഓരോ രോഗിയെയും കുറിച്ച് ഡോക്ടർമാർക്ക് സമഗ്രമായ വീക്ഷണം നൽകുന്നതിന് ആരോഗ്യ ഡാറ്റ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറയുന്നു. അതേസമയം രോഗികളുടെ വിവരങ്ങൾ അനധികൃതമായി ദുരുപയോഗം ചെയ്യാൻ ഇതുമൂലം സാധിക്കുമോ എന്ന ആശങ്കയും ഉയർന്ന് വരുന്നുണ്ട്. എന്നിരുന്നാലും, എൻഎച്ച്എസിന് മെച്ചപ്പെട്ട ഡിജിറ്റൽ റെക്കോർഡ് മാനേജ്മെന്റ് ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.