ലണ്ടന്‍: ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതിയുമായി എന്‍എച്ച്എസ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള സൗകര്യമൊരുക്കാനാണ് പരിപാടി. ഷോപ്പിംഗിനെത്തുന്നവര്‍ക്ക് ആരോഗ്യ പരിശോധനയും നടത്താം. ഇതിലൂടെ 25,000 മരണങ്ങളെങ്കിലും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍, ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന ഈ രോഗങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മധ്യവയസിലുള്ളവരെ കൂടുതലായി ലക്ഷ്യമിട്ടുകൊണ്ടു നടക്കുന്ന പരിശോധനകള്‍ ജിപിമാരെ ആശ്രയിക്കാതെ തന്നെ നടത്താനാണ് എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്. ചില മേഖലകളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തുന്ന ഭവന സന്ദര്‍ശനങ്ങളില്‍ ഈ പരിശോധനകളും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്മോക്ക് അലാമുകള്‍ പരിശോധിക്കാനും ഘടിപ്പിക്കാനുമൊക്കെയാണ് സന്ദര്‍ശനങ്ങള്‍ ഇവര്‍ നടത്താറുള്ളത്.
രക്ഷിതാക്കള്‍ എത്തുന്ന സമയത്ത് സ്‌കൂളുകളില്‍ അവര്‍ക്ക് പരിശോധനകള്‍ നടത്താനാണ് അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്‌കൂള്‍ ഗേറ്റുകളിലും ഇതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പണമടക്കുന്ന സ്ഥലത്ത് ഇതിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ബില്ലുകള്‍ക്ക് പിന്നിലായി പരിശോധനയുടെ ഫലം പ്രിന്റ് ചെയ്ത് നല്‍കുകയും ചെയ്യാം. കമ്പനികള്‍ ഓട്ടോമാറ്റിക് ഉപകരണങ്ങള്‍ സ്ഥാപിക്കാനും പരിശീലനം നേടിയ ഒരു ജീവനക്കാരനെ അല്ലെങ്കില്‍ ജീനവക്കാരിയെ പരിശോധനകള്‍ക്കായി നിയോഗിക്കാനും നിര്‍ദേശം നല്‍കിയതായി എന്‍എച്ച്എസ് അറിയിച്ചു.
Leave a Reply