കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്.

2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.