സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ ആദ്യ ആഴ്ചയിൽ 31,000 ത്തിലധികം കോൺടാക്ടുകൾ തിരിച്ചറിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ 85 ശതമാനത്തോളം പേരെ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടുകയും അവരോട് 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മെയ് 28 മുതൽ ജൂൺ 3 വരെയുള്ള എൻഎച്ച്എസ് കണക്കുകൾ കോൺടാക്റ്റ് ട്രേസിംഗ് സ്കീമിന്റെ പുരോഗതി വ്യക്തമായി കാട്ടുന്നു. തുടക്കത്തിൽ താളം പിഴച്ചെങ്കിലും പിന്നീടുള്ള തിരിച്ചുവരവിലൂടെയാണ് ഇത്രയും കോൺടാക്ടുകളെ ആദ്യ ആഴ്ചയിൽ കണ്ടെത്തിയത്. വൈറസ് സ്ഥിരീകരിച്ച 8000 ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും ചെയ്തു. ഇംഗ്ലണ്ടിൽ 25,000 ത്തോളം കോൺടാക്റ്റ് ട്രേസറുകളെ റിക്രൂട്ട് ചെയ്യുകയും മെയ് അവസാനം ജോലി ആരംഭിക്കുകയും ചെയ്തിരുന്നു. സിസ്റ്റത്തിന്റെ വേഗത മെച്ചപ്പെടുത്തുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് നടത്തുന്ന ബറോണസ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ 15% ആളുകളിലേക്ക് എത്താൻ സിസ്റ്റത്തിന് കഴിഞ്ഞില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ് കോട്ട്ലൻഡിൽ ഈ സിസ്റ്റത്തെ ‘എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് പ്രൊട്ടക്റ്റ്’ എന്നാണ് വിളിക്കുന്നത്. 2020 മെയ് 28 നും ജൂൺ 7 നും ഇടയിൽ രോഗം സ്ഥിരീകരിച്ച 681 പേരിൽ നിന്ന് 741 കോൺ‌ടാക്റ്റുകൾ കണ്ടെത്തി. ജൂൺ 1നാണ് വെയിൽസിൽ കോൺടാക്ട് ട്രെയിസിംഗ് ആരംഭിക്കുന്നത്. അതിനെ ‘ടെസ്റ്റ്, ട്രേസ്, പ്രൊട്ടക്റ്റ്’ എന്ന് വിളിക്കുന്നു. അതേസമയം കോവിഡ് 19, ക്യാൻസർ പരിചരണത്തിന് വലിയ തടസ്സമായി മാറിയെന്നു എൻ എച്ച് എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തി. പകർച്ചവ്യാധി സമയത്ത് കീമോതെറാപ്പി, റേഡിയോ തെറാപ്പി ചികിത്സകൾ കുറവായിരുന്നു. ക്യാൻസർ ഡോക്ടമാരുമായി ബന്ധപ്പെടുന്ന രോഗികളുടെ എണ്ണം ഏപ്രിലിൽ 79,500 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 60% കുറവ്. കൊറോണ പടർന്നുപിടിച്ചതുമൂലം അർബുദത്തിന് ചികിത്സ തേടാൻ രോഗികൾ തയ്യാറാകുന്നില്ല. ക്യാൻസർ പരിചരണം തുടരുന്നതിന് നിരവധി നൂതന രീതികൾ അവതരിപ്പിക്കുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. സമൂഹത്തിലും ആളുകളുടെ വീടുകളിലും കൂടുതൽ കീമോതെറാപ്പി ചെയ്യുന്നതിനും രോഗികളെ സംരക്ഷിക്കുന്നതിനുമായി ആശുപത്രിയിൽ “കോവിഡ് ഫ്രീ വിങ്ങുകൾ ” സൃഷ്ടിക്കുമെന്നും എൻ എച്ച് എസ് വെളിപ്പെടുത്തി.

പരിചരണം നൽകുന്നതിന് ഉദ്യോഗസ്ഥർ വളരെയധികം ശ്രമിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. വൈറസിനെ ഭയന്ന് ആളുകൾ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിയുന്നു എന്ന ആശങ്കകൾക്കിടയിലും ചികിത്സയ്ക്കായി മുന്നോട്ട് വരാൻ അദ്ദേഹം രോഗികളോട് അഭ്യർത്ഥിച്ചു. പരിചരണം തടസ്സപ്പെടുത്തുന്നത് വിനാശകരമായ ഫലമുണ്ടാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. കോവിഡ് മൂലം ആയിരക്കണക്കിന് രോഗികളും അവരുടെ തുടർചികിത്സ നിർത്തിവച്ചിട്ടുണ്ട്. 41,000 പേർ മാത്രമാണ് ഏപ്രിലിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. 2019 ഏപ്രിലിൽ ഇത് 280,000 ആയിരുന്നു. അടിയന്തര സഹായം ആവശ്യമുള്ള രോഗികളോട് ആക്‌സിഡന്റ് ആൻഡ് എമർജൻസിയിൽ ചികിത്സ തേടാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി കാരണം പൂർവ്വസ്ഥിതിയിലേയ്ക്ക് എത്താൻ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. ഇതാണ് പല സേവനങ്ങളും തടസ്സപ്പെടാൻ കാരണം.