ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബോൺ സിമന്റ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തിയതായി എൻ.എച്ച്.എസ് ഇംഗ്ലണ്ട് അറിയിച്ചു.
അസ്ഥി ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന പ്രത്യേക മെഡിക്കൽ പദാർത്ഥമാണ് ബോൺ സിമന്റ് . പ്രധാനമായും മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ കൃത്രിമ സംയോജക ഭാഗങ്ങളെ അസ്ഥിയോട് ഉറപ്പിച്ച് ഘടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇത് സാധാരണയായി പോളിമെഥൈൽ മെതാക്രിലേറ്റ് എന്ന രാസസംയുക്തത്തിൽ നിന്നാണ് നിർമ്മിക്കുന്നത്. ശസ്ത്രക്രിയ സമയത്ത് ദ്രാവകവും പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഇത് വേഗത്തിൽ കട്ടപിടിച്ച് കൃത്രിമ സംയോജകത്തെ ഉറച്ച നിലയിൽ സ്ഥാപിക്കാൻ സഹായിക്കുന്നു. പ്രധാന വിതരണക്കാരന് ഉൽപ്പാദന തടസം നേരിട്ടതിനെ തുടർന്ന് മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ഉൾപ്പെടെയുള്ള നിരവധി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ആഴ്ച ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും മുൻഗണന നൽകാനായിരുന്നു തീരുമാനം. എന്നാൽ പുതിയ വിതരണക്കാരനെ കണ്ടെത്തുകയും മറ്റൊരു കമ്പനി വിതരണം വർധിപ്പിക്കാനും സമ്മതിച്ചതോടെ പ്രതിസന്ധി നിയന്ത്രണത്തിലായതായി അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോൺ സിമന്റിന്റെ 75 ശതമാനവും വിതരണം ചെയ്തിരുന്ന ജർമ്മനിയിലെ ഹെറേയസ് മെഡിക്കൽ കമ്പനിയുടെ പ്രധാന നിർമാണ കേന്ദ്രത്തിൽ ഉണ്ടായ യന്ത്രതകരാറാണ് ക്ഷാമത്തിന് കാരണമായത്. ഉൽപ്പാദന നവീകരണത്തിനിടെ സംഭവിച്ച തകരാറിനെ തുടർന്ന് രണ്ട് മാസം വരെ വിതരണം തടസ്സപ്പെടാമെന്ന് കമ്പനി അറിയിച്ചു. പ്രതിവാരം ആയിരത്തിലധികം ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന ബോൺ സിമന്റ്, വീണ് പരിക്കേറ്റ വയോധികരുടെയും ഇടുപ്പ് പൊട്ടലേറ്റ രോഗികളുടെയും ചികിത്സയിൽ നിർണായക ഘടകമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിൽ സംയോജക ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം എട്ടരലക്ഷത്തോളം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇപ്പോൾ നെതർലൻഡ്സിലെ സിമ്മർ ബയോമെറ്റ് കമ്പനിയിൽ നിന്ന് ബോൺ സിമന്റ് ലഭ്യമാക്കിയതായി എൻ.എച്ച്.എസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ കയറ്റി അയച്ചത് ഇതിനകം രാജ്യത്ത് എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും വിതരണം വർധിപ്പിക്കാൻ തയ്യാറായിട്ടുണ്ട്. പുതിയ ബോൺ സിമന്റിന് സമാന രാസഘടനയും ഗുണമേന്മയും ഉള്ളതിനാൽ രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഓർത്തോപീഡിക് അസോസിയേഷൻ അറിയിച്ചു. മാറ്റിവെച്ച ശസ്ത്രക്രിയകൾ വേഗത്തിൽ പുനഃക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി സുബിർ അഹമ്മദ് വ്യക്തമാക്കി.