ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എൻഎച്ച്എസ് ജീവനക്കാർക്കുള്ള കോവിഡ് വാക്‌സിൻ മാർഗ്ഗനിർദേശത്തെപറ്റി ആരോഗ്യ സെക്രട്ടറിയെ ചോദ്യം ചെയ്ത ഡോക്ടർക്കെതിരെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ (കെസിഎച്ച്) തീവ്രപരിചരണ വാർഡിലെ കൺസൾട്ടന്റ് അനസ്തറ്റിസ്റ്റായ സ്റ്റീവ് ജെയിംസ്, വെള്ളിയാഴ്ച സാജിദ് ജാവിദിന്റെ ആശുപത്രി സന്ദർശന വേളയിലാണ് സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്തത്. ശാസ്ത്രത്തിന് വേണ്ടത്ര വളർച്ചയില്ലെന്നും താൻ പ്രതിരോധശേഷി നേടിയെടുത്തത് സ്വാഭാവികമായാണെന്നും ജെയിംസ് പറഞ്ഞു. വാരാന്ത്യത്തിൽ നിരവധി അഭിമുഖങ്ങൾ അദ്ദേഹം നടത്തി. വാക്‌സിൻ ഉത്തരവിനോട് വിയോജിക്കുന്നുണ്ടെങ്കിൽ എഴുന്നേറ്റു നിന്ന് എതിർക്കണമെന്ന് അദ്ദേഹം എൻഎച്ച്എസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തി.
“നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിൽ പ്രാദേശിക മാധ്യമങ്ങളെ ബന്ധപ്പെടുക, നിങ്ങളുടെ ആശുപത്രിയിലെ എക്സിക്യൂട്ടീവ് സ്റ്റാഫിന് എഴുതുക. സർക്കാരിന്റെ ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫസർ ക്രിസ് വിറ്റിക്ക് എഴുതുക, ബോറിസ് ജോൺസന് എഴുതുക, സാജിദ് ജാവിദിന് എഴുതുക, നിങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്നറിയിക്കുക.” ജെയിംസ് കുറിച്ചു. എന്നാൽ ജെയിംസിന്റെ വാക്സിൻ വിരുദ്ധ നിലപാട് രാജ്യത്തുടനീളമുള്ള എൻഎച്ച്എസ് ജീവനക്കാരിൽ നിന്ന് തിരിച്ചടിക്ക് കാരണമായി.
വാക്‌സിനുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സാജിദ് ജാവിദിനോട് പറഞ്ഞ സ്റ്റീവ് ജെയിംസിനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇത് നിരുത്തരവാദപരവും അപകടകരവുമായ ഇടപെടലാണെന്ന് പല ആരോഗ്യ വിദഗ്ധരും വ്യക്തമാക്കി. വാക്സിനേഷൻ കാരണമാണ് മരണനിരക്ക് ഉയരാത്തതെന്ന് അവർ ചൂണ്ടിക്കാട്ടി.
നിയമം പ്രാബല്യത്തിൽ വരുന്ന ഏപ്രിലിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത എൻഎച്ച്എസ് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ഫെബ്രുവരി 3-നകം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും 2022 ഏപ്രിലിനകം രണ്ടാം ഡോസും നൽകണമെന്ന് കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ 93.5 ശതമാനം ജീവനക്കാർക്ക് ഒരു ഡോസും 90.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ മടി കാട്ടുന്ന ആരോഗ്യ പ്രവർത്തകരും ഏറെയാണ്.
Leave a Reply