ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ ഏര്‍പ്പെടുത്തിയ ശമ്പള നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6.5 ശതമാനം വര്‍ദ്ധനയാണ് വേതനത്തില്‍ വരുത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ അവധി ഉപേക്ഷിക്കേണ്ടി വരും. 3.3 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങളായി യൂണിയന്‍ നേതൃത്വങ്ങളുമായി നടന്നു വരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഗവണ്‍മെന്റ് എത്തിയിരിക്കുന്നത്. യൂണിസണ്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്, യുണൈറ്റ്, ജിബിഎം, ചാര്‍ട്ടേര്‍ഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സ് തുടങ്ങി 14 യൂണിയനുകളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന നിബന്ധനയിലാണ് ചര്‍ച്ചകള്‍.

ഇംഗ്ലണ്ടിലെ എല്ലാ നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കും 2018-19 കാലയളവില്‍ 3 ശതമാനം ശമ്പള വര്‍ദ്ധനവ് വരുത്താനാണ് ട്രഷറിയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ശതമാനവും രണ്ടു ശതമാനവും വീതം വര്‍ദ്ധന വരുത്തും. നഴ്‌സുമാര്‍, മിഡ്‌വൈഫുകള്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങി ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളുമൊഴികെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പേയ് ക്യാപ് ഒഴിവാക്കും. ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും പ്രത്യേക ശമ്പള റിവ്യൂ സിസ്റ്റമാണ് നിലവിലുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാസം അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയനുസരിച്ച് ചില ജീവനക്കാര്‍ക്ക് 10 ശതമാനം വരെ ശമ്പള വര്‍ദ്ധനവുണ്ടാകും. ചിലര്‍ക്ക് 2021ഓടെ അതിലും മുകളില്‍ ശമ്പളം ലഭിക്കാനിടയുണ്ട്. എന്‍എച്ച്എസിന്റെ നയന്‍ പേയ് സ്‌കെയിലില്‍ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ക്ക് മുന്‍നിരയിലുള്ളവരേക്കാള്‍ മികച്ച വേതന പരിഷ്‌കരണമായിരിക്കും അജന്‍ഡ ഓഫ് ചേഞ്ച് എന്ന ഈ പദ്ധതിയനുസരിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ളത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നവയാണെന്നാണ് യൂണിയനുകളുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത ചൊവ്വാഴ്ച നടത്താനിരുന്ന സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ ഈ പദ്ധതി ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ അന്തിമ പരിഹാരം ആകാത്തതിനാല്‍ പ്രഖ്യാപനം മാറ്റി വെച്ചിരിക്കുകയാണ്.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അവധി ഒഴിവാക്കാനുള്ള നിര്‍ദേശം കീറാമുട്ടിയാകാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ജീവനക്കാര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ട്രഷറിയും യൂണിയനുകളും തമ്മില്‍ കരാറിലെത്തിച്ചേരാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കും. ഇപ്പോള്‍ത്തന്നെ മിക്ക ജീവനക്കാരും ശമ്പളമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യുന്നവരാണ്. അതിനൊപ്പം വര്‍ങ്ങളായി 14 ശതമാനത്തോളം കുറഞ്ഞ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്തു വരുന്നത്. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.