ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആരോഗ്യ പ്രവർത്തകരേക്കാൾ കൂടുതൽ ഇന്ന് ഉള്ളിൽ ഭയാശങ്കകളോടെ കഴിയുന്നത് അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആണ്. കാരണം കൊറോണ തന്നെ. യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ മുൻപന്തിയിൽ മലയാളി നഴ്സുമാരാണ്. കേരളത്തിൽ ഒരു ജില്ലയിൽ വിരലിലെണ്ണാവുന്ന കൊറോണ രോഗികളാണെങ്കിൽ , അമേരിക്കയിലും യുകെയിലുമൊക്കെ മിക്കവാറും എല്ലാ ഹോസ്പിറ്റലുകളിലും കൊറോണ വാർഡുകൾ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും മാറി താമസിക്കേണ്ട ദുഷ്കരമായ അവസ്ഥയിലൂടെയാണ് നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കടന്നുപോകുന്നത്. അതിലൊക്കെ ഉപരിയായി കൊറോണ വാർഡിൽ ജോലി ചെയ്തിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ തങ്ങളെയും തങ്ങളുടെ യൂണിഫോമിനെ അണുവിമുക്തമാക്കുക എന്ന ദുർഘടമായ ഒരു കർത്തവ്യം കൂടി എല്ലാവർക്കുമുണ്ട്. കാരണം എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ കുടുംബത്തിലുള്ള എല്ലാവരും തന്നെ കൊറോണാ വൈറസിന് കീഴടങ്ങണ്ടേതായി വരും.

ആദ്യകാലങ്ങളിൽ ഉപയോഗിച്ച യൂണിഫോം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത് പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു. പല പ്ലാസ്റ്റിക് ബാഗുകളും എങ്ങനെ സംസ്കരിക്കണമെന്ന് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒരു കീറാമുട്ടിയായി മാറിയിരുന്നു. പ്ലാസ്റ്റിക് ബാഗുകൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് പിന്നെയും വൈറസ് പകരാൻ കാരണമായി മാറിയേക്കാം.  നഴ്സുമാർ ഉൾപ്പെടുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ തങ്ങളുടെ വീട്ടിലുള്ള പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് തുണിസഞ്ചികൾ ഉണ്ടാക്കി എല്ലാ ജീവനക്കാർക്കും കൊടുത്തു. കൊറോണ കാലത്ത് രോഗി പരിപാലനത്തിന്റെ തിരക്കുകൾക്കിടയിലും കാരുണ്യ പ്രവർത്തി പോലെ ഇത് ചെയ്യുന്നത് നഴ്സുമാർ ഉൾപ്പെടെയുള്ള ഹോസ്പിറ്റലിലെ ജീവനക്കാരുടെ രാജ്യ സ്നേഹത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പുതിയൊരു മുഖമാണ് കാട്ടുന്നത്.ഇതിന് വളരെയേറെ പ്രയോജനങ്ങളുണ്ട്. യൂണിഫോം കഴുകുന്നതിനോടൊപ്പം തന്നെ വാഷിംഗ് മെഷീനുകളിൽ കഴുകുവാനും അണുവിമുക്തമാക്കാനും തുണി കൊണ്ടുണ്ടാക്കിയ ഈ കവറിനു കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. പ്ലാസ്റ്റിക് യൂണിഫോം കവറുകൊണ്ടുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ പറ്റുമെന്നുള്ളത് മറ്റൊരു മേന്മയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാനും യാത്രകൾ ഒഴിവാക്കാനും എല്ലാവരും വീടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. പക്ഷേ നമ്മുടെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും അഹോരാത്രം കൊറോണ വൈറസിനെതിരെ പോരാടാനും രോഗികളെ ശുശ്രൂഷിക്കുവാനായിട്ടും ആത്മാർത്ഥമായി ജോലിയെടുക്കുന്നു. നിസ്സാരമെങ്കിലും ഓരോ ആശുപത്രികളിലും എത്തിച്ചേരുന്ന യൂണിഫോം കവറുകളിലൂടെ സ്നേഹത്തിന്റെയും കൈത്താങ്ങിന്റെയും അദൃശ്യമായ കരങ്ങൾ തേടി വരുന്നത് അനുഭവിച്ചതായി പല നഴ്സുമാരും മലയാളം യുകെയോടു പങ്കുവച്ചു. മനുഷ്യത്വപരമായ ഈ നടപടിയിലൂടെ കിട്ടുന്ന സപ്പോർട്ട് തെല്ലൊന്നുമല്ല.

സ്നേഹവും കൈത്താങ്ങുകളുമൊന്നും ഒരിക്കലും അവസാനിക്കുന്നില്ല. ഈ ദുരന്തകാലത്തു സമാനരീതിയിലുള്ള പ്രവർത്തനങ്ങൾ ലോകമെങ്ങുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . പലരും മാസ്കുണ്ടാക്കിയും സാനിറ്റൈസർ നിർമ്മിച്ചും ആതുരശുശ്രൂഷയിൽ പങ്കാളികളാകാൻ സമയം കണ്ടെത്തുന്നു. ഓരോ മേഖലയിലുള്ളവരും അവരുടെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്നു. . ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുവാനും മറ്റും മുന്നോട്ടുവരുന്ന സന്നദ്ധസേവകരുടെ എണ്ണം കേരളത്തിലും വളരെ വലുതാണ്. പ്രളയകാലത്ത് അകമഴിഞ്ഞ് സഹായിച്ച മത്സ്യത്തൊഴിലാളികളുടെ ചരിത്രം അവസാനിക്കുന്നില്ല. തീർച്ചയായും നാം ഈ വൈതരണികൾ തരണംചെയ്ത് മുന്നേറും. ലോകമെങ്ങുംനിന്നുള്ള സമാനരീതിയിലുള്ള നിങ്ങളുടെ അനുഭവങ്ങൾ മലയാളം യുകെയുമായി പങ്കുവയ്ക്കാം.

അയക്കേണ്ട വിലാസം [email protected]

അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഈ വാർത്തകൾക്ക് എന്നും മലയാളം യുകെയിൽ ഇടമുണ്ടാകും.