ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വീടുകളിലെത്തി രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസ് (NHS) ജീവനക്കാർക്ക് ചില പ്രദേശങ്ങൾ “നോ-ഗോ സോണുകൾ” ആയി തോന്നുന്നുവെന്ന ആശങ്ക ഉയർത്തുന്ന വാർത്തകൾ പുറത്തുവന്നു. പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരും ഏഷ്യൻ ജീവനക്കാരുമാണ് സെന്റ് ജോർജ് ഫ്ലാഗുകൾ കെട്ടിയ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ ഭയപ്പെടുന്നത്. ഈ പതാകകൾ മനഃപൂർവ്വം ഭീഷണി സൃഷ്ടിക്കുന്നതിനായാണെന്ന് ഒരു എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വേനലിൽ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും പതാകകൾ ഉയർത്തിയിരുന്നു . ഇത് ന്യൂനപക്ഷ വർഗ്ഗക്കാരായ ജീവനക്കാരിൽ വംശീയ ഭീഷണി ഉണർത്തിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. ചിലർക്ക് ജോലി സ്ഥലത്ത് മാത്രമല്ല, വീട്ടിലും സോഷ്യൽ മീഡിയയിലും അധിക്ഷേപം നേരിടേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. “പതാകകൾ ഉയർന്നതോടെ ചില പ്രദേശങ്ങൾ നമ്മെ ഒഴിവാക്കാൻ ഉദ്ദേശിച്ച സ്ഥലങ്ങളായി തോന്നി,” എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു എൻഎച്ച്എസ് ജീവനക്കാരൻ പറഞ്ഞത്.

കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തമായതോടെ വംശീയതയും വിദ്വേഷവും വീണ്ടും വളരുകയാണെന്നും, വിദേശ നേഴ്സുമാരില്ലാതെ ബ്രിട്ടനിലെ ആരോഗ്യസംവിധാനം നിലനിൽക്കില്ലെന്നും റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ വ്യക്തമാക്കി. സമൂഹത്തിൽ പ്രവർത്തിക്കുന്ന നേഴ്സുമാർക്ക് സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ ദാതാക്കൾക്ക് കടമയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വംശീയതയ്ക്കും ഭീഷണിക്കും സ്ഥാനമില്ലെന്നും, ഇത്തരം സംഭവങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ആണ് ആരോഗ്യവകുപ്പ് സംഭവങ്ങളോട് പ്രതികരിച്ചത്.











Leave a Reply