ലണ്ടന്‍: ഹോമിയോപ്പതിയും പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളുമുള്‍പ്പെടെ ഏഴ് ചികിത്സാരീതികളെ കരിമ്പട്ടികയിലാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന് എന്‍എച്ച്എസിന്റെ ശുപാര്‍ശ. ഇത്തരം ചികിത്സാരീതികള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഈ ശുപാര്‍ശയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഈ രീതികള്‍ ഇനിമുതല്‍ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ജിപിമാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയും ഹോമിയോപ്പതിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിരവധി തവണ നടത്തിയ പരീക്ഷണങ്ങളിലും ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തിയേക്കുറിച്ച് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സും വ്യക്തമാക്കി. നിലവില്‍ 1 ലക്ഷം പൗണ്ട് മാത്രമാണ് ഹോമിയോപ്പതിക്കായി എന്‍എച്ച്എസ് ചെലവാക്കുന്നത്.
ഹോമിയോ കൂടാതെ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍, തിരുമ്മല്‍ ചികിത്സകള്‍, ഡയറ്ററി സപ്ലിമെന്റുകള്‍ എന്നിവയുള്‍പ്പെടെ ഫലപ്രദമല്ലെന്ന് വ്യക്തമായ ചികിത്സാരീതികളും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് എന്‍എച്ച്എസ് നല്‍കിയിരിക്കുന്നത്. സുരക്ഷിതമല്ലെന്ന കാരണത്താല്‍ വേദനാസംഹാരിയായ കോ പ്രോക്സാമോളും കരിമ്പട്ടികയിലാക്കണമെന്ന നിര്‍ദേശവും ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.
ജൂലൈയിലാണ് 18 ചികിത്സാ രീതികളുടെ ഫലപ്രാപ്തിയേക്കുറിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട് ബോര്‍ഡ് പരിശോധന ആരംഭിച്ചത്. ഇവയില്‍ 11 എണ്ണം വിലക്കാനും ഏഴെണ്ണം കരിമ്പട്ടികയില്‍പ്പെടുത്താനുമാണ് തീരുമാനം. പ്രതിവര്‍ഷം 141 മില്യന്‍ പൗണ്ട് മിച്ചം പിടിക്കാന്‍ ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന് കഴിയും. കോ പ്രോക്സാമോള്‍, ജോയിന്റ് സപ്ലിമെന്റുകളായ ഗ്ലൂക്കോസമീന്‍, കോണ്‍ഡ്രോയ്റ്റിന്‍, പച്ചമരുന്നുകള്‍, ഹോമിയോപ്പതി, കാഴ്ച്ചക്കുറവിന് നല്കുന്ന സപ്ലിമെന്റുകളായ ലൂട്ടെയ്ന്‍, ആന്റി ഓക്സിഡന്റ്സ്, ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകള്‍, പേശീ വേദനയ്ക്കുള്ള ലേപന, തിരുമ്മു ചികിത്സകള്‍ എന്നിവയാണ് കരിമ്പട്ടികയില്‍ വരിക.
Leave a Reply