ലണ്ടന്‍: മെഡിക്കല്‍ രംഗത്ത് ലോകത്തെമ്പാടും നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാന്യത്തോടെ ശാസ്ത്രലോകം നോക്കി കാണുന്ന ജീന്‍ പഠനത്തിനായി മാര്‍ഗങ്ങള്‍ തേടി എന്‍.എച്ച്.എസ്. ഡി.എന്‍.എ ടെസ്റ്റ് വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജീന്‍ പരീക്ഷണങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഈ പഠനങ്ങളെ സഹായിക്കാനായി വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരിട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഡി.എന്‍.എ ടെസ്റ്റ് വിവരങ്ങളായിരിക്കും ഗവേഷണത്തിന് ആവശ്യമായി വരിക. വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കഴിയുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാന്‍ സാധിക്കും.
ഡി.എന്‍.എ വിവരങ്ങള്‍ പങ്കുവെക്കുന്നത് ആരോഗ്യപരമായ മറ്റൊരു ഭാവിയിലേക്കുള്ള സഹായമായി മാറുമെന്ന് മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. അതേസമയം പദ്ധതിയെക്കുറിച്ച് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും രോഗികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ ജെനറ്റിക് മെഡിസിന്‍ ചെയര്‍വുമണ്‍ ചൂണ്ടിക്കാണിച്ചു. സുതാര്യമല്ലാത്ത രീതിയില്‍ രോഗികളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയില്‍ ഇത്തരമൊരു പരീക്ഷണ രീതികള്‍ ഇതാദ്യമായിട്ടാണ്. ടെസ്റ്റ് വിവരങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നത് സംബന്ധിച്ചും അവ്യക്തതകളുണ്ട്.
അതേസമയം വലിയ പ്രതീക്ഷകള്‍ തരുന്നതാണ് ഗവേഷണ ലക്ഷ്യങ്ങള്‍. ഡി.എന്‍.എ പരിശോധനയിലൂടെ ഒരാള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍പേ ആരംഭിക്കാന്‍ ഇതുവഴി സാധിക്കും. ആരോഗ്യരംഗത്തെ വലിയ മാറ്റത്തിന് പുതിയ ഗവേഷണം വഴിയൊരുക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗവേഷണ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply