ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൂന്ന് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ട നോട്ടിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റിന് 1.6 മില്യൺ പൗണ്ട് പിഴ ചുമത്തിയിരിക്കുകയാണ്. അഡെൽ ഒ സള്ളിവൻ, കഹ്‌ലാനി റോസൺ, ക്വിൻ പാർക്കർ എന്നീ കുഞ്ഞുങ്ങളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ എച്ച് എസ് ട്രസ്റ്റിന്റെ പരിചരണത്തിലായിരിക്കെ മരണമടഞ്ഞത്. 14 ആഴ്ച വ്യത്യാസത്തിലാണ് മൂന്നു കുഞ്ഞുങ്ങളും മരണപ്പെട്ടത്. ആരോഗ്യ സംരക്ഷണ നിരീക്ഷണ ഏജൻസിയായ കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) കൊണ്ടുവന്ന പ്രോസിക്യൂഷനെ തുടർന്ന്, തിങ്കളാഴ്ച കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കും സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടതായി ട്രസ്റ്റ് സമ്മതിച്ചു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഒന്നിലധികം തവണ പ്രോസിക്യൂട്ട് ചെയ്ത ആദ്യത്തെ ട്രസ്റ്റാണ് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് (എൻ യു എച്ച് ). ബുധനാഴ്ച വാദത്തിനിടെ ജില്ലാ ജഡ്ജി ഗ്രേസ് ലിയോങ് മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരോടും അഗാധമായ ദുഃഖം പ്രകടിപ്പിച്ചപ്പോൾ, അവർ കോടതി മുറിയിൽ കരഞ്ഞത് വികാരനിർഭരമായ സാഹചര്യമായിരുന്നു സൃഷ്ടിച്ചത്. തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായിയിരിക്കുവാൻ എൻ യു എച്ച് സഹായിക്കുമെന്ന അവരുടെ വിശ്വാസമാണ് തകർന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. 2021 ഏപ്രിൽ 7 ന് ജനിച്ച് വെറും 26 മിനിറ്റ് പ്രായമുള്ളപ്പോഴാണ് അഡെൽ മരിച്ചത്. ജൂൺ 15 ന് കഹ്‌ലാനി നാല് ദിവസം പ്രായമുള്ളപ്പോൾ മരണമടയുകയും, ജൂലൈ 16 ന് ക്വിന്നിന് രണ്ട് ദിവസം പ്രായമുള്ളപ്പോൾ മരണമടയുകയും ചെയ്തു. ഗുരുതരവും വ്യവസ്ഥാപിതവുമായ പരാജയങ്ങൾ മൂന്ന് അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും ഒഴിവാക്കാവുന്ന അപകടത്തിലേക്ക് നയിച്ചതായി തിങ്കളാഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. തുടർന്നാണ് ഇത്രയും വലിയൊരു തുക പിഴയായി കോടതി ട്രസ്റ്റിന് ചുമത്തിയത്.
ഞങ്ങളുടെ ആശുപത്രികൾ നൽകിയ പരിചരണം പരാജയപ്പെട്ടതിനെ തുടർന്ന് ഒരു കുടുംബത്തിനും സഹിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഈ കുഞ്ഞുങ്ങളുടെ അമ്മമാർക്കും കുടുംബങ്ങൾക്കും സഹിക്കേണ്ടിവന്നുവെന്നും, അതിൽ താൻ ശരിക്കും ഖേദിക്കുന്നതായും എൻ യു എച്ച് ചീഫ് എക്സിക്യൂട്ടീവ് ആന്റണി മെയ് പ്രതികരിച്ചു. കോടതിയുടെ വിലയിരുത്തലുകളെ തങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതായും, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുന്നതിന് ഇതിനകം തന്നെ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഒരു സിക്യുസി റിപ്പോർട്ട് ട്രസ്റ്റിന്റെ പ്രസവ സേവനങ്ങളുടെ മൊത്തത്തിലുള്ള റേറ്റിംഗ് മെച്ചപ്പെട്ടുവെന്ന് കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ കുടുംബങ്ങളോട് അഗാധമായ ക്ഷമാപണവും ഖേദവും പ്രകടിപ്പിച്ചു. കൂടുതൽ മിഡ്‌വൈഫുമാരെ നിയമിക്കുന്നതും ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുന്നതും ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തലുകൾ ട്രസ്റ്റ് വരുത്തിയതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
Leave a Reply