ന്യൂസ് ഡെസ്ക് മലയാളം യുകെ

കാർ പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ രോഗികളിൽ നിന്നും സന്ദർശകരിൽ നിന്നും നേടിയത് 146 മില്യൺ പൗണ്ട്. 2022–23 -ലെ മാത്രം കണക്കുകൾ അനുസരിച്ചാണ് 146 മില്യൺ പൗണ്ട് നൽകിയതായി കണ്ടെത്തിയത്. കോവിഡ് കാലത്ത് പാർക്കിങ് ഫീസുകൾ എട്ട് ഇരട്ടിയോളം കൂട്ടിയിരുന്നു. ഇതിന് ശേഷമാണ് ഇത്രത്തോളം തുക പാര്‍ക്കിങ് ഫീസ് ഇനത്തിൽ ട്രസ്റ്റുകൾക്ക് ലഭ്യമാകാൻ തുടങ്ങിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏകദേശം 96.7 മില്യൺ പൗണ്ടാണ് ഈ ഇനത്തിൽ അധിക വരുമാനമായി വന്നിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവന്ററിയും വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റുമാണ് രോഗികളുടെയും സന്ദര്‍ശകരുടെയും പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയത്. തൊട്ട് പിന്നിൽ തന്നെ ഡെര്‍ബി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്, ബര്‍ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് തുടങ്ങിയവയും ഉണ്ട്. കണക്കുകളിൽ നിന്ന് ആശുപത്രി ജീവനക്കാര്‍ക്കും കാര്‍ പാര്‍ക്കിങ് ഫീസില്‍ നിന്ന് ഇളവുകളില്ലെന്ന് മനസിലാക്കാം.

2021–22 -ൽ 5.6 മില്യൺ പൗണ്ടായിരുന്ന പാര്‍ക്കിങ് ഫീസ് 2022–23 ആയതോടെ 46.7 മില്യൺ പൗണ്ടിലേയ്ക്കാണ് കുതിച്ചു ചാടിയിരിക്കുന്നത്. കോവിഡിൻെറ കാലയളവിൽ ജീവനക്കാരുടെ പാർക്കിംഗ് ഫീസുകൾ റദ്ധാക്കിയെങ്കിലും 2023 മാര്‍ച്ചില്‍ ഇവ പുനരാരംഭിച്ചിരുന്നു. നിലവിലെ എന്‍എച്ച്എസ് നിയമങ്ങൾ പ്രകാരം അംഗവൈകല്യമുള്ളവര്‍, രാത്രിയില്‍ തങ്ങാനായി എത്തുന്ന രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍, രാത്രി ഷിഫ്റ്റില്‍ പ്രവേശിക്കുമ്പോള്‍ എത്തുന്ന ജീവനക്കാർ എന്നിവർക്കാണ് പാര്‍ക്കിങ് സൗജന്യം. അതേസമയം എല്ലാവർക്കും പാർക്കിങ് ഫീസ് സൗജന്യം ആക്കണം എന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. ഫീസ് റദ്ദാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.