ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. കാത്തിരിപ്പ് പട്ടിക മൂന്ന് മാസത്തെ തുടർച്ചയായ വർധനയ്ക്ക് ശേഷം കുറവ് രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെപ്റ്റംബർ അവസാനം കാത്തിരിക്കുന്നവരുടെ എണ്ണം 7.39 മില്യൺ ആയിരുന്നു . ഇത് മുൻമാസത്തെ 7.41 മില്യണിൽ നിന്ന് ചെറിയ കുറവ് ആണ് . ഇതിൽ 61.8 ശതമാനം രോഗികൾക്ക് 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ചതാണെങ്കിലും സർക്കാർ ലക്ഷ്യമിട്ട 92 ശതമാനത്തെക്കാൾ താഴെയാണ്.

അതേസമയം, ഫ്ലൂ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് എൻ.എച്ച്.എസ്. പുറത്തിറക്കിയ അഭ്യർത്ഥനയ്‌ക്ക് പിന്നാലെ കഴിഞ്ഞ ആഴ്ചയിൽ മാത്രം ഒരു മില്യൺ പേർ ഫ്ലൂ വാക്സിനിനായി എത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇപ്പോൾ വരെ 14.4 മില്യൺ പേരാണ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കുന്നത്, കഴിഞ്ഞ വർഷത്തേക്കാൾ അല്പം കൂടുതലാണിതെന്ന് എൻ.എച്ച്.എസ്. അറിയിച്ചു. മുതിർന്നവർ, ഗർഭിണികൾ, ചില രോഗസ്ഥിതികളുള്ളവർ, 16 വയസ്സിന് താഴെയുള്ളവർ എന്നിവർക്കാണ് സൗജന്യ വാക്സിൻ ലഭ്യമാകുന്നത്.

എന്നിരുന്നാലും, ശൈത്യകാലം കടുത്തതായിരിക്കുമെന്നും എൻ.എച്ച്.എസ്. മെഡിക്കൽ ഡയറക്ടർ പ്രൊഫ. മേഘന പണ്ഡിത് അറിയിച്ചു. അതോടൊപ്പം, റെസിഡന്റ് ഡോക്ടർമാരുടെ അഞ്ചുദിവസത്തെ പണിമുടക്ക് വെള്ളിയാഴ്ച ആരംഭിക്കുന്നതിനാൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്നാണ് കരുതപ്പെടുന്നത് .











Leave a Reply