ലണ്ടന്‍: അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകള്‍ മാറ്റിവെക്കുകയും അവയ്ക്കായുള്ള കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുകയും ചെയ്യുന്നത് എന്‍എച്ച്എസില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു. ഒട്ടേറെ ആളുകള്‍ സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയാണ് എന്‍എച്ച്എസ് ചികിത്സകള്‍ വൈകുന്നതിന് കാരണം. എന്നാല്‍ ഇതുമൂലം ലാഭമുണ്ടാക്കുന്നത് സ്വകാര്യാശുപത്രികളാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ആശുപത്രി ചെലവുകള്‍ സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വരുന്നു. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും തിമിര ശസ്ത്രക്രിയക്കുമൊക്കെയായി 15,000 പൗണ്ട് വരെ ചെലവഴിക്കേണ്ടതായി വരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് ഇതുമൂലം 15 മുതല്‍ 25 ശതമാനം വരെ വാര്‍ഷികലാഭത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. സ്വന്തം സമ്പാദ്യത്തില്‍ നിന്നോ വായ്പകളില്‍ നിന്നോ ഒക്കെയാണ് രോഗികള്‍ സ്വകാര്യാശുപത്രികളിലെ ചികിത്സാച്ചെലവ് കണ്ടെത്തുന്നത്. ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന അസുഖങ്ങളുടെ ചികിത്സക്ക് എന്‍എച്ച്എസില്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യാശുപത്രികളില്‍ വര്‍ദ്ധിച്ചുവരുന്ന ശസ്ത്രക്രിയകള്‍ക്ക് കാരണം ഈ എന്‍എച്ച്എസ് പ്രതിസന്ധിയാണെന്ന് ട്രസ്റ്റുകള്‍ക്ക് വ്യക്തമാണെങ്കിലും അതിന് പരിഹാരം കാണാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ് അവര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഫറല്‍ ടു ട്രീറ്റ്‌മെന്റ് പദ്ധതിയനുസരിച്ച് 18 ആഴ്ചക്കുള്ളില്‍ ചികിത്സ ലഭിക്കുമെന്ന് എന്‍എച്ച്എസ് ഉറപ്പു നല്‍കുന്ന രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്രയും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.