ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എൻഎച്ച്എസിൽ ഉണ്ടാകുന്ന നീണ്ട കാലതാമസം നിരവധി രോഗികളെ ആയിരത്തോളം പൗണ്ടുകൾ ചെലവ് വരുന്ന പ്രൈവറ്റ് ചികിത്സകളിലേക്ക് തിരിയുവാൻ നിർബന്ധിക്കുന്നതായി പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം അവസാനം മൂന്നുമാസം ഏകദേശം 69000 ത്തോളം സെൽഫ് – ഫണ്ടഡ് ട്രീറ്റ് മെന്റുകളാണ് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകൾ ജനങ്ങൾ എത്രത്തോളം നിസ്സഹായരാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ജനങ്ങൾ ലോണുകൾ പോലും എടുത്തു പ്രൈവറ്റ് ചികിത്സകൾക്കുള്ള പണം കണ്ടെത്തുന്നതായി ബിബിസി വ്യക്തമാക്കി. പ്രൈവറ്റ് ഹെൽത്ത് കെയർ ഇൻഫർമേഷൻ നെറ്റ്‌വർക്ക് പുറത്തുവിട്ട ഈ കണക്കുകൾ എല്ലാം തന്നെ പ്രൈവറ്റ് ഇൻഷുറൻസ് ഇല്ലാത്ത, ചികിത്സാ ചെലവുകൾ മുഴുവൻ അടയ് ക്കേണ്ടിവരുന്ന രോഗികളുടെ എണ്ണം ആണെന്നത് ആശങ്കാജനകമാണ്. ഏറ്റവും സാധാരണ ഓപ്പറേഷനുകളായ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും , ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുമൊക്കെ തന്നെ 15000 പൗണ്ടിന് മുകളിലാണ് ചെലവ് വരുന്നത്. ഇവിടെയും ഇത്രയും പണം അടയ്ക്കുവാൻ സാധിക്കാത്ത സാധാരണക്കാർക്ക് ചികിത്സകൾ പൂർണ്ണമായും നഷ്ടപ്പെടുന്ന രീതിയിലാണ് സാഹചര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുട്ടുവേദന മൂലം കിടപ്പിലായ പത്തൊൻപതുകാരി കെയ്റ്റി ഹോപ്പർ തന്റെ അനുഭവം മാധ്യമങ്ങളോട് വ്യക്തമാക്കി. വേദന മൂലം ഒരുതരത്തിലും ജോലിക്ക് പോകാനും ബാസ്കറ്റ്ബോൾ കളിക്കാനുമുള്ള സാഹചര്യത്തിൽ തന്റെ ആരോഗ്യം എത്തിയതായും, എൻ എച്ച് എസിലൂടെ ചികിത്സ ലഭിക്കണമെങ്കിൽ കുറഞ്ഞത് രണ്ടുവർഷം എടുക്കുമെന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തുടർന്ന് താൻ പ്രൈവറ്റ് ചികിത്സയെ ആശ്രയിക്കേണ്ടി വന്നതായും, ഇതിനായി വൻ തുക ലോൺ എടുക്കേണ്ടി വന്ന സാഹചര്യവും അവർ വ്യക്തമാക്കി. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തന്റെ സർജറി നടന്നതായും അവർ പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിൽ 6.6 മില്യൻ ജനങ്ങളാണ് എൻഎച്ച്എസ് ലിസ്റ്റിലൂടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ സാഹചര്യമാണ് യുകെയുടെ മറ്റു പല ഭാഗങ്ങളിലും ഉള്ളത്. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുവാൻ വ്യക്തമായ പ്ലാനുകൾ ഉണ്ടെന്നും, അത് ഫലം കണ്ടു വരികയാണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് വ്യക്തമാക്കി.