ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ അയർലൻഡിൽ യുവ ഡ്രൈവർമാർ ഓടിക്കുന്ന വാഹങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി ഗ്രാജുവേറ്റഡ് ഡ്രൈവർ ലൈസൻസിംഗ് സംവിധാനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു . ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങളിലൂടെ 17 മുതൽ 23 വയസുവരെ പ്രായമുള്ളവർക്ക് ഡ്രൈവിംഗ് പഠനവും ലൈസൻസ് നേടുന്നതിനുള്ള രീതിയിൽ വലിയ മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ ലൈസൻസിംഗ് പരിഷ്‌ക്കാരമാണിതെന്ന് ഇൻഫ്രാസ്ട്രക്ചർ മന്ത്രി ലിസ് കിമ്മിൻസ് വ്യക്തമാക്കി. 2024ൽ 17–23 വയസുകാരാൽ ഉണ്ടായ അപകടങ്ങളിൽ 164 പേർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ചട്ടങ്ങൾ പ്രകാരം പ്രൊവിഷണൽ ലൈസൻസ് ലഭിച്ചതിന് ശേഷം കുറഞ്ഞത് ആറുമാസം കഴിഞ്ഞാൽ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനാകൂ. ഇതിനിടെ 14 പരിശീലന മോഡ്യൂളുകൾ പൂർത്തിയാക്കുകയും അത് അംഗീകൃത ഇൻസ്ട്രക്ടർ അല്ലെങ്കിൽ മാതാപിതാക്കളിലൊരാളായ സൂപ്പർവൈസർ സാക്ഷ്യപ്പെടുത്തുകയും വേണം. ടെസ്റ്റ് പാസായ ശേഷം 24 മാസം വരെ ‘R’ പ്ലേറ്റ് നിർബന്ധമാക്കും. ആദ്യ ആറുമാസത്തിന് പ്രത്യേക നിറത്തിലുള്ള ‘R’ പ്ലേറ്റ് ആയിരിക്കും. ടെസ്റ്റ് പാസായതിന് ആദ്യ ആറുമാസം രാത്രി 11 മുതൽ രാവിലെ 6 വരെ, 14–20 വയസുള്ള ഒരേയൊരു യാത്രക്കാരനെ മാത്രമേ (കുടുംബാംഗങ്ങളെ ഒഴിവാക്കി) വാഹനത്തിൽ അനുവദിക്കൂ. നിയമലംഘനങ്ങൾക്ക് മൂന്ന് പെനാൽറ്റി പോയിന്റ് അല്ലെങ്കിൽ £1,000 വരെ പിഴ ഈടാക്കും.

അതേസമയം, ചില ഇളവുകളും പുതിയ നിയമത്തിലുണ്ട്. അംഗീകൃത ഇൻസ്ട്രക്ടറോടൊപ്പം ലേണർ ഡ്രൈവർമാർക്ക് മോട്ടോർവേയിൽ ഡ്രൈവ് ചെയ്യാം. ടെസ്റ്റ് പാസായ ശേഷം വേഗപരിധിയിൽ മോട്ടോർവേയിൽ പോകാനും അനുമതിയുണ്ട്. ഇതോടെ 45mph എന്ന നിലവിലെ നിയന്ത്രിത വേഗപരിധി ഒഴിവാക്കും. യുവാക്കൾക്കിടയിൽ നിയമത്തെ കുറിച്ച് മിശ്രപ്രതികരണങ്ങളാണുള്ളത്. ചിലർ ലൈസെൻസ് ലഭിക്കുന്നതിന് കൂടുതൽ കാലതാമസം ഉണ്ടാകുമെന്ന ആശങ്ക പങ്കുവച്ചു . എന്നാൽ മറ്റുചിലർ സുരക്ഷയ്ക്ക് ഇത് സഹായകരമാണെന്നാണ് അഭിപ്രായപ്പെട്ടത് . ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരും പോലീസും നിയമത്തെ സ്വാഗതം ചെയ്തു. സമാനമായ നിയമം യുകെയുടെ മറ്റ് ഭാഗങ്ങളിലും അധികം താമസിയാതെ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.