ലണ്ടന്‍: ബ്രെക്‌സിറ്റ് ഡേ മാര്‍ച്ച് 29ലും നീണ്ടുപോയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തെരേസ മേയ്ക്ക് മുന്‍ യു.കെഐപി നേതാവ് നിഗല്‍ ഫാര്‍ജിന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് ദിനം നീണ്ടുപോകുന്നത് ജനങ്ങളില്‍ വലിയ അസംതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല സമാനരീതിയില്‍ പ്രതികരിക്കുന്ന നിരവധിപേര്‍ ഈ രാജ്യത്തുണ്ടെന്നും നിഗല്‍ ഫാര്‍ജ് വ്യക്തമാക്കുന്നു. മേ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ പോരാടേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിഗല്‍ ഫാര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’യെന്നാണ് പുതിയ രാഷ്ട്രീയ കക്ഷിക്ക് പേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ‘ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’യെന്ന് നിഗല്‍ വ്യക്തമാക്കി കഴിഞ്ഞു. മേ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായിരിക്കും ആദ്യഘട്ടത്തില്‍ നിഗലിന്റെ നീക്കം. ഇതിന്റെ ഭാഗമായി ‘ലീവ് മീന്‍സ് ലീവ്’ റാലിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. മേ യുടെ നീക്കങ്ങള്‍ ജനവിരുദ്ധമാണെന്നും അതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞെന്നും നിഗല്‍ റാലിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്‌സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളിലാണ്. മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ അതിജയിച്ചു. അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ തന്നെ മേ പ്ലാന്‍ ബി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുന്‍ കരാറില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയ പുതിയ കരട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേ അറിയിച്ചിരിക്കുന്നത്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള ബ്രക്‌സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.