ലണ്ടന്‍: പ്രമുഖ സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മ്മാതാക്കളായ നൈക്കി, മുസ്ലീം വനിതാ അത്‌ലറ്റുകള്‍ക്കായി വിപണിയിലിറക്കാന്‍ രൂപകല്‍പ്പന ചെയ്ത ദf നൈക്കി പ്രോ ഹിജാബിനെതിരേ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തില്‍. യാഥാസ്ഥിതിക നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് നൈക്കി ചെയ്യുന്നതെന്നും സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്നുമുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് നൈക്കിക്കെതിരേ ട്വിറ്ററിലും നവമാധ്യമങ്ങളിലും ഉയരുന്നത്. ഹിജാബിനെ പിന്തുണക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിമര്‍ശിക്കുന്നവരും ഏറെ. വിപണനതന്ത്രം മാത്രമാണ് നൈക്കിയുടേതെന്നും അതിനാല്‍ നൈക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൗദി അറേബ്യന്‍ സ്പ്രിന്റ് താരം സാറാ അത്താര്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തിന് നൈക്കി തുടക്കമിട്ടത്. സ്‌കേറ്റിംഗ് താരം സഹാറ ലാറിയും യുഎഇ വെയ്റ്റ് ലിഫ്റ്റിംഗ് ഒളിംപ്യന്‍ അംന അല്‍ ഹദ്ദാദുമാണ് നൈക്കിയുടെ പുതിയ വസ്ത്രത്തിന്റെ ഡിസൈനും ടെസ്റ്റും നടത്തിയത്. മികച്ച അഭിപ്രായമാണ് ഇരുവരും ഹിജാബിനെക്കുറിച്ച് നല്‍കിയത്. 2018 ലാണ് ഹിജാബ് വിപണിയില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇതിനെതിരേ ട്വിറ്ററില്‍ പ്രതികരണവുമായി വെയ്റ്റ് ലിഫ്റ്റിംഗ് ഒളിംപ്യന്‍ ആംന രംഗത്തെത്തി. നൈക്കി ഇത്തരമൊരു വസ്ത്രം അവതരിപ്പിക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടാകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. പ്രാദേശികമായി നിര്‍മ്മിച്ച നിലവാരം കുറഞ്ഞ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തിട്ടുള്ളയാള്‍ എന്ന നിലയിലാണ് താനിത് പറയുന്നത്. വന്‍കിട ബ്രാന്‍ഡുകളൊന്നും ഇത്തരമൊരു ഹിജാബിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല. ഹിജാബ് ധരിച്ച ഒരു യുവതി മത്സരിക്കുന്നതും ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷെ നൈക്കി ഇത് സാധ്യമാക്കിയതോടെ മറ്റുള്ളവരും ഇതേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. നിരവധി മുസ്ലീം വനിതകള്‍ ഹിജാബ് ധരിച്ച് കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരാകുന്ന ഇക്കാലത്ത് ഇത്തരമൊരു വസ്ത്രം അനിവാര്യമാണ് ആംന എഴുതുന്നു.
ഇതിനെ തള്ളിക്കളയാനാകില്ല. മുസ്ലീം കായികതാരങ്ങളെ അധകൃതരായി കരുതിയിരുന്ന കാലത്തും തങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ച ഹിജാബ് ഉപയോഗിച്ച് മത്സരരംഗത്ത് സജീവമായിരുന്നു. നൈക്കിയുടെ എന്തോ ആയിക്കൊള്ളട്ടെ, പക്ഷെ തീരുമാനം നല്ലതാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് ഹിജാബ് നിര്‍മ്മിക്കാന്‍ ശ്രമിച്ച ഒരു കമ്പനിയെയും തള്ളിപ്പറയുന്നില്ലെന്നും ആംന കുറിച്ചു.
മുസ്ലീം യുവതികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന അഭിപ്രായവും തനിക്കില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. പക്ഷെ നൈക്കി സ്‌പോര്‍ട്‌സ് ഹിജാബ്, പുതുതലമുറ മുസ്ലീം യുവതികള്‍ക്ക് കായികരംഗത്തേക്ക് വരുന്നതിന് പ്രയോജനമാകുമെന്നുറപ്പാണെന്നും ആംന പറയുന്നു. പരസ്യക്കമ്പനിക്കുവേണ്ടി പണം വാങ്ങിയുള്ള ഒരഭ്യര്‍ത്ഥനയല്ല ഇതെന്നും അത്തരത്തില്‍ ഇതിനെ കാണരുതെന്നുമുള്ള അഭ്യര്‍ത്ഥനയും അംനക്കുണ്ട്. നിരവധിപേരാണ് ഈ അഭിപ്രായത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
കായികതാരങ്ങളായ മുസ്ലീം വനിതകളില്‍ നിന്ന് തങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് നൈക്കി വക്താക്കള്‍ അറിയിച്ചു. കൂടുതല്‍ അത്‌ലറ്റുകളില്‍ നിന്ന് ഹിജാബ് സംബന്ധിച്ച അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.