ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന മലയാളി യുവതി നിമ്മി ജോയ് (34) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യനില ക്രമേണ വഷളാകുകയും അയർലൻഡിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയുമായിരുന്നു.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലേക്ക് എത്തിയ നിമ്മിക്ക് ജനുവരി 25ന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ഉൾപ്പെടെ വിദഗ്ധപരിചരണത്തിൽ തുടരുന്നതിനിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചതോടെ നില അതീവ ഗുരുതരമാകുകയും ഒടുവിൽ മരണം സംഭവിക്കുകയും ചെയ്തു.
അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്ന നിമ്മി വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് വിപിൻ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.
നിമ്മി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply