ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് ലണ്ടനിലെ ഒരു നീന്തൽ കുളത്തിൽ ക്ലോറിൻ ചോർന്നതിനെ തുടർന്ന് 9 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്തൽ പഠിപ്പിക്കാനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്താണ് അപകടം നടന്നത്. കുട്ടികളെ കൂടാതെ രണ്ട് മുതിർന്നവരും അപകടത്തിൽപ്പെട്ടതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പായി 11 പേർക്കും സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും മൂന്നു കുട്ടികൾക്ക് കൂടുതൽ വിദഗ്ധ പരിശോധനകൾ ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 150 ഓളം പേരെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായാണ് അറിയാൻ സാധിച്ചത്.


അപകട സാധ്യത മുന്നിൽകണ്ട് മുൻകരുതൽ എന്ന നിലയിൽ ഇവിടേയ്ക്കുള്ള റോഡുകൾ അടച്ചതായി മെട്രോപോളിറ്റൻ പോലീസ് വക്താവ് പറഞ്ഞു. സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന കൊടുക്കുന്നതെന്നും ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എവരിവൺ ആക്റ്റീവിൻ്റെ ഏരിയ മാനേജർ ക്രിസ് വില്യംസ് പറഞ്ഞു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ സമാനമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഗ്യം കൊണ്ടാണ് ഒരു ദുരന്തം ഒഴിവായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോർമൗത്തിൽ 2009 നവംബറിൽ ഒരു ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ സുരക്ഷാവീഴ്ച ഉണ്ടായതിനെ തുടർന്ന് എട്ടും ആറും വയസ്സുകാരായ രണ്ട് കുട്ടികൾ മരണമടഞ്ഞിരുന്നു.